Site iconSite icon Janayugom Online

പശ്ചിമബംഗാളില്‍ വോട്ടെണ്ണലിനിടെ ബോംബ് സ്‌ഫോടനത്തില്‍ കൗമാരക്കാരി കൊ ല്ലപ്പെട്ടു

പശ്ചിമബംഗാളില്‍ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നടക്കുന്നതിനിടിയില്‍ ക്രൂഡ് ബോംബ് പൊട്ടിത്തെറിച്ച് കൗമാരക്കാരിക്ക് ദാരുണാന്ത്യം. നാദിയ ജില്ലയില്‍ കലിഗഞ്ചാണ് സംഭവം. സിപിഐഎം അനുഭാവിയായ വ്യക്തിയുടെ വീട്ടിലേക്ക് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്രൂഡ് ബോംബുകള്‍ എറിഞ്ഞ് നടത്തിയ വിജയാഘോഷങ്ങള്‍ക്കിടെയാണ് അപകടമെന്ന് ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇവരെറിഞ്ഞ ബോംബുകളിലൊന്ന് തമന്ന ഖാത്തൂന്‍ എന്ന പെണ്‍ക്കുട്ടിയുടെ സമീപത്ത് കിടന്ന പൊട്ടുകയും കുട്ടിക്ക് സാരമായി പരുക്കേല്‍ക്കുകയുമായിരുന്നെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

സംഭവം ഞെട്ടലും ആഴത്തിലുള്ള ദുഃഖവും രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രതികരിച്ചു. സംഭവത്തില്‍ കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി എക്‌സിലൂടെ അറിയിച്ചു. തൃണമൂല്‍ നേതാവായ അലിഫ അഹമ്മദാണ് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചത്. സിറ്റിംഗ് എംഎല്‍എയായ നസിറുദ്ദീന്‍ അഹമ്മദിന്റെ മരണത്തിന് പിന്നാലെയാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ നേതാവിനെതിരെ ബിജെപിയുടെ ആഷിഷ് ഖോഷ്, കോണ്‍ഗ്രസിന്റെ കബില്‍ ഉദ്ദിന്‍ ഷെയ്ഖ് എന്നിവരാണ് മത്സരിച്ചത്. അമ്പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ടിഎംസി നേതാവിന്റെ വിജയം. അതേസമയം പൊലീസ് ഇതുവരെ സംഭവുമായി ബന്ധപ്പെട്ട് രാഷ്ട്രീയപരമായ ബന്ധങ്ങളൊന്നും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി കെ അമര്‍നാഥ് പറഞ്ഞു.

Exit mobile version