രാജപക്സ കുടുംബത്തിന്റെ ഭരണം അവസാനിപ്പിച്ച ശ്രീലങ്കയിലെ ജനകീയ പ്രക്ഷോഭത്തിന് താൽക്കാലിക വിരാമം. പ്രക്ഷോഭം തൽക്കാലം നിർത്തുകയാണെന്നും എന്നാൽ, ഭരണസംവിധാനത്തിൽ സമൂല മാറ്റത്തിനായുള്ള പ്രയത്നങ്ങൾ തുടരുമെന്നും പ്രക്ഷോഭകരുടെ വക്താവ് മനോജ് നനയങ്കാര പറഞ്ഞു. 123 ദിവസത്തെ പ്രക്ഷോഭത്തിനാണ് ഇതോടെ അന്ത്യമായത്. സർക്കാർവിരുദ്ധ പ്രക്ഷോഭകരുടെ പ്രധാന കേന്ദ്രമായ ഗോൾ ഫേസ് പ്രോമെനെയ്ഡിൽ നിന്ന് പ്രക്ഷോഭകർ ഒഴിഞ്ഞുപോയി.
ഗോതബയ രാജിവച്ച് നാടുവിട്ടതോടെ പ്രക്ഷോഭം അയഞ്ഞെങ്കിലും ഗോൾഫേസ് പ്രോമെനെയ്ഡിൽ തമ്പടിക്കുന്നത് പ്രക്ഷോഭകർ തുടർന്നു. റെനില്‍ വിക്രമസിംഗെ പ്രസിഡന്റായി അധികാരമേറ്റതിനു പിന്നാലെ പ്രക്ഷോഭകരെ അടിച്ചമര്‍ത്താന്‍ സെെന്യത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഓഗസ്റ്റ് അഞ്ചിനകം ഗോൾ ഫേസ് പ്രോമെനെയ്ഡ് വിട്ടുപോകണമെന്ന് പൊലീസ് പ്രക്ഷോഭകർക്ക് അന്ത്യശാസനം നൽകി. ഇത് തള്ളിയ പ്രക്ഷോഭകർ അപ്പീൽ കോടതിയിൽ ഹര്‍ജി നൽകിയിരുന്നു. എന്നാൽ, പിന്നീട് അത് പിൻവലിക്കുകയും പ്രക്ഷോഭം അവസാനിപ്പിക്കാൻ തീരുമാനിക്കുകയുമായിരുന്നു.
അതിനിടെ, ശ്രീലങ്കൻ മുൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സയുടെയും സഹോദരനും മുൻ ധനമന്ത്രിയുമായ ബേസിൽ രാജപക്സയുടെയും വിദേശ യാത്രവിലക്ക് സുപ്രീം കോടതി സെപ്റ്റംബർ അഞ്ചു വരെ നീട്ടി. ഇവർക്കൊപ്പം കേന്ദ്ര ബാങ്ക് മുന്‍ ഗവർണർ അജിത് നിവാർഡ് കാബ്രാളിനും വിലക്കുണ്ട്.
English Summary:A temporary pause in the Sri Lankan popular agitation
You may also like this video