പറമ്പ് വെട്ടിത്തെളിക്കാനെന്ന വ്യാജേന അതിഥി തൊഴിലാളികളെ വിളിച്ചുവരുത്തി അവരുടെ പണവും മൊബൈൽ ഫോണും മോഷ്ടിച്ച കേസിൽ അടുത്തയാളും പിടിയിൽ. കേസിൽ മൂന്നാമത്തെയാളാണ് പിടിയിലായത്. പത്തനംതിട്ട കോഴഞ്ചേരി നാരങ്ങാനം തട്ടപ്പിലാക്കിൽ വീട്ടിൽ ടിഎച്ച് ഹാരിസിനെയാണ് കോഴിക്കോട് നല്ലളം പൊലീസ് പിടികൂടിയത്. ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ റിമാന്റിൽ കഴിയുന്ന ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
നല്ലളം പൊലീസ് സ്‌റ്റേഷൻ പരിധിയിൽ മോഡേൺ ബസാറിന് സമീപം കാടുമൂടിയ സ്ഥലം വെട്ടിത്തളിക്കാനെന്ന വ്യാജേന പശ്ചിമബംഗാൾ സ്വദേശികളായ റജാവുൽ അലി, അബ്ദുൽ കരീം മൊണ്ടാലു എന്നിവരെ പ്രതികൾ വിളിച്ചുവരുത്തുകയായിരുന്നു. ഇവരുടേതാണെന്ന വ്യാജേന ഒരു പറമ്പ് ചൂണ്ടിക്കാണിച്ചു കൊടുക്കുകയും ചെയ്തു. വസ്ത്രവും മൊബൈൽ ഫോണും പണവും മാറ്റിവെച്ച് തൊഴിലാളികൾ ജോലി ആരംഭിച്ചതോടെ 11,500 രൂപയും മൊബൈൽ ഫോണും ഇവർ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. കൈതവളപ്പിൽ അൻവർ(36), കൊല്ലം കുളത്തൂപ്പുഴ കല്ലുവെട്ടുകുഴി ഷാജുമോൻ(46) എന്നിവർ നേരത്തേ പിടിയിലായിരുന്നു.

