രാജസ്ഥാനിലെ കൊട്പുത‌്‌ലിയില്‍ കുഴല്‍ക്കിണറില്‍ വീണ മൂന്നു വയസുകാരിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നാലാം ദിവസവും പുരോഗമിക്കുന്നു. കുട്ടിയെ പുറത്തെത്തിക്കുന്നതിനായി റാറ്റ് ഹോള്‍ മൈനേഴ്സിനെ സ്ഥലത്തെത്തിച്ചിട്ടുണ്ട്. കുഴല്‍ക്കിണറിന് സമാന്തരമായി 160 ഓളം അടി താഴ്ചയില്‍ കുഴിയെടുത്തുള്ള രക്ഷാപ്രവര്‍ത്തനമാണ് നിലവില്‍ നടന്നുകൊണ്ടിരിക്കുന്നത്. പിതാവിന്റെ കൃഷിയിടത്തിലെത്തിയ ചേതന എന്ന കുട്ടിയാണ് 700 അടിയോളം താഴ്ചയുള്ള കിണറില്‍ വീണത്.
തിങ്കളാഴ്ചയായിരുന്നു സംഭവം. ആദ്യം 15 അടിയോളം താഴ്ചയില്‍ കുടുങ്ങിക്കിടന്ന കുട്ടി വീട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കൂടുതല്‍ താഴ്ചയിലേക്ക് വീഴുകയായിരുന്നു. ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന എന്നിവര്‍ രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. കുട്ടിയുടെ ചലനങ്ങള്‍ നിരീക്ഷിക്കുന്നതിനായി കുഴല്‍ക്കിണറില്‍ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ കിണറിലേക്ക് ഓക്സിജന്‍ പൈപ്പ് ഇറക്കിയതായും അധികൃതര്‍ പറഞ്ഞു. കുറച്ചു ദിവസങ്ങള്‍ക്കുമുമ്പ് രാജസ്ഥാനിലെ ദൗസയില്‍ കുഴല്‍ക്കിണറില്‍ വീണ് അഞ്ചുവയസുകാരന്‍ മരിച്ചിരുന്നു.