Site iconSite icon Janayugom Online

കോഴിക്കോട് കൂടരഞ്ഞിയിൽ കിണറ്റിലകപ്പെട്ട പുലിയെ പിടികൂടി; പുലി പൂർണ്ണ ആരോഗ്യവാനെന്ന് വനംവകുപ്പ്

കോഴിക്കോട് കൂടരഞ്ഞി പെരുമ്പുളയിലെ ആൾമറയില്ലാത്ത കിണറ്റിൽ അകപ്പെട്ട പുലിയെ വനംവകുപ്പ് പിടികൂടി പുറത്തെത്തിച്ചു. കിണറ്റിൽ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. കൂടരഞ്ഞി സ്വദേശി കുര്യന്റെ കൃഷിസ്ഥലത്തെ പൊട്ടക്കിണറ്റിൽ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് പുലി അകപ്പെട്ടത്. കിണറ്റിൽ കുടുങ്ങിയത് ഏത് ജീവിയാണെന്ന് ആദ്യം തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. തുടർന്ന് വനംവകുപ്പ് വീഡിയോ ക്യാമറയും രാത്രിക്കാഴ്ചയുള്ള സ്റ്റിൽ ക്യാമറയും പ്രത്യേകമായി സജ്ജീകരിച്ച് കിണറ്റിലിറക്കി നിരീക്ഷിച്ചു.

കിണറ്റിലിറക്കിയ ഇരയായി വെച്ച കോഴിയെ ജീവി പിടിച്ചുകൊണ്ടുപോകുന്നത് ക്യാമറയിൽ പതിഞ്ഞതോടെയാണ് കുടുങ്ങിയത് പുലിയാണെന്ന് സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിൽ വനപാലകരും ഫയർഫോഴ്‌സും ചേർന്ന് കൂട് കിണറ്റിലേക്ക് ഇറക്കി കെണിയൊരുക്കുകയായിരുന്നു. പിടികൂടിയ പുലിയെ താമരശ്ശേരി റേഞ്ച് ഓഫീസിലേക്ക് മാറ്റി. പുലി പൂർണ്ണ ആരോഗ്യവാനാണെന്ന് വനംവകുപ്പ് അറിയിച്ചു. വിശദമായ പരിശോധനയ്ക്ക് ശേഷം ഉൾക്കാട്ടിലേക്ക് തുറന്നുവിടുന്നതിലടക്കമുള്ള അന്തിമ തീരുമാനം എടുക്കും.

Exit mobile version