Site iconSite icon Janayugom Online

വയനാട് കണിയാമ്പറ്റയിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ കാടുകയറി; സ്ഥിരീകരിച്ച് വനംവകുപ്പ്

വയനാട് കണിയാമ്പറ്റയിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ കാടുകയറി. മൂന്ന് ദിവസത്തെ നീണ്ട ജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ശ്രമത്തിനു പിന്നാലെയാണ് കടുവയുടെ കാടുകയറ്റം. കാല്‍പ്പാടുകളില്‍ നിന്നാണ് പാതിരി വനഭാഗത്തേക്ക് പോയതായി വനംവകുപ്പ് സ്ഥരീകരിച്ചത്. പ്രദേശത്ത് ഏർപ്പെടുത്തിയിരുന്ന നിരോധനാജ്ഞ അടക്കമുള്ള നിയന്ത്രണങ്ങള്‍ ഉടൻ നീക്കുമെന്നാണ് റിപ്പോര്‍ട്ട്.

വയനാട് വൈല്‍ഡ് ലൈവിലെ 112 എന്ന അഞ്ച് വയസ്സുള്ള ആണ്‍കടുവയാണ് ഒരു പ്രദേശത്തെ ഒന്നാകെ മുള്‍മുനയില്‍ നിര്‍ത്തിയത്. ചീക്കല്ലൂർ പുളിക്കല്‍ വയലിലെ കൃഷിയിടത്തില്‍ ഒളിച്ചിരുന്ന കടുവയെ ഇന്നലെ രാത്രി പടക്കം പൊട്ടിച്ച് കാട് കയറ്റാൻ വനം വകുപ്പ് വലിയ ശ്രമം നടത്തിയിരുന്നു. എന്നാല്‍ കടുവ ജനവാസ മേഖലയിലേക്ക് ഓടിയത് ആശങ്ക വർധിപ്പിച്ചു. ഇന്ന് കടുവയെ കണ്ടത്താനുള്ള ശ്രമത്തിനിടെയാണ് വയലിലെ റോഡിലൂടെ വനഭാഗത്തേക്ക് കടന്ന് പോയതായുള്ള കാല്‍പ്പാടുകള്‍ കണ്ടത്. പ്രദേശത്ത് ഉള്ള കടുവയുടെ കാല്‍പ്പാട് തന്നെയാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയതിന് ഒടുവിലാണ് വനംവകുപ്പ് പ്രഖ്യാപനം നടത്തിയത്. കടുവ കാട് കയറിയെങ്കിലും പ്രദേശത്തുള്ള പട്രോളിങ് തുടരുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

Exit mobile version