ചാമരാജനഗർ ജില്ലയിലെ ഹനൂർ താലൂക്കിലുള്ള മാലെ മഹാദേശ്വര വന്യജീവി സങ്കേതത്തിൽ കന്നുകാലികളെ വേട്ടയാടിയ കടുവയെ വിഷം കൊടുത്തു കൊന്ന കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പച്ചെതൊഡിക്ക് സമീപമാണ് സംഭവം നടന്നത്. സി എ പച്ചേമല്ലു(40), വി ഗണേഷ് (39), കെ ശംഭു(38) എന്നിവരാണ് അറസ്റ്റിലായത്. മൂവരെയും ഹനൂർ കോടതിയിൽ ഹാജരാക്കി. പ്രതികളെ അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറാൻ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു.
ഈ കേസിൽ ഉൾപ്പെട്ട ഏഴു പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അറസ്റ്റിലായവർക്കൊപ്പം കസ്റ്റഡിയിലെടുത്ത ഗോവിന്ദ് ഗൗഡയ്ക്ക് കൃത്യത്തിൽ നേരിട്ട് പങ്കില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിട്ടയച്ചു. കേസിൽ ഉൾപ്പെട്ട മറ്റ് നാല് പ്രതികൾ ഒളിവിലാണെന്നും, അവരെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനുമുള്ള ശ്രമങ്ങൾ തുടരുകയാണെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

