അഗസ്ത്യനിലേക്കുള്ള യാത്ര ഒരു തരത്തിൽ അവരവരവിലേക്കുള്ള തിരിച്ചുപോക്കുകൂടിയാണ്. ‘ഇനിയിത്തമോഭൂവിലവശിഷ്ടസ്വപ്നത്തിനുലയുന്ന തിരി നീട്ടി നോക്കാം .… അഭയത്തിനാദിത്യ ഹൃദയമന്ത്രത്തിന്നും ഉയിരാം അഗസ്ത്യനെത്തേടാം… കവചം ത്യജിക്കാം ഹൃദയകമലം തുറക്കാം…’ എന്ന് മധുസൂദനൻ നായർ അഗസ്ത്യഹൃദയത്തിൽ എഴുതിയത് അതുകൊണ്ട് തന്നെയാകണം.
നിരപ്പായ വഴികളും ഉൾക്കാടും കാട്ടാറും താണ്ടിയുള്ള യാത്രാനുഭവമാണ് അഗസ്ത്യന്റേത്. അത്ര വേഗം അവിടെ ചെന്നെത്താനാകുമെന്ന് കരുതണ്ട. ഉൾക്കാടിന്റെ വന്യതയും പ്രകൃതിയുടെ വാത്സല്യവും അനുഭവിച്ചറിഞ്ഞ് മാത്രമേ യാത്ര ചെയ്യാനാകൂ. നിന്നും ഇരുന്നും വിശ്രമിച്ചും തന്നിലേക്കെത്താൻ കൊതിച്ചു മുന്നോട്ട് നടക്കുന്നവരെ നോക്കി മലമുകളിൽ അഗസ്ത്യനങ്ങനെ നിൽപ്പുണ്ടാകും. അഗസ്ത്യന്റെ മക്കൾ പറയുന്നതു പോലെ കാടിനെ അറിഞ്ഞവർ ഇവിടേക്ക് മടങ്ങി വന്നുകൊണ്ടെയിരിക്കുമെന്ന ബോധ്യമാണ് ഓരോ യാത്രയും.
കേരളത്തിലെ ഏറ്റവും ദൈർഘ്യമേറിയ ട്രെക്കിങ് പോയിന്റ് മാത്രമല്ല പശ്ചിമഘട്ട മലനിരകളിൽ തെക്കേയറ്റത്തായി സ്ഥിതി ചെയ്യുന്ന ഔഷധക്കലവറ കൂടിയാണ് അഗസ്ത്യാർകൂടം. മഴയും വെയിലും മഞ്ഞും കാറ്റുമൊക്കെയായി പ്രകൃതിയെന്ന അത്ഭുതത്തിന്റെ ഉള്ളറകളിലേക്ക് കൈപിടിച്ചുകൊണ്ടു പോകുന്ന ഇടം. ബോണക്കാട് നിന്നാരംഭിക്കുന്ന യാത്ര 18 കിലോമീറ്റർ താണ്ടി അതിരുമല ബേസ് ക്യാമ്പിലാണ് അവസാനിക്കുന്നത്. അടുത്ത ആറ് കിലോമീറ്റർ യാത്രയാണ് അഗസ്ത്യമലയെന്ന സ്വപ്നത്തിലെത്തിക്കുന്നത്. വെളുക്കുന്ന വരെ പെയ്ത മഴ കഴിഞ്ഞുള്ള കട്ട കോടയാണ് കഴിഞ്ഞ കൊല്ലത്തെ യാത്രയിൽ കാത്തിരുന്നതെങ്കിൽ ഇക്കൊല്ലം നേരെ തിരിച്ചായിരുന്നു. നല്ല അന്തരീക്ഷം, പച്ച പിടിച്ച മൊട്ടക്കുന്ന്, തെളിഞ്ഞ അഗസ്ത്യാർകൂടം. മുൻപിൽ നിൽക്കുന്ന ആളെ പോലും കാണാനാകാത്ത വിധമുള്ള കോടയുടെ ഓര്‍മ്മകള്‍ മനസിൽ നിന്നും മാറുംമുന്നേ കിട്ടിയ തെളിഞ്ഞ അന്തരീക്ഷമുള്ള അഗസ്ത്യന്റെ കാഴ്ചകളൊരു വല്ലാത്ത അനുഭവം തന്നെയായിരുന്നു. കാടാണ് നമ്മുടെ ദൈവമെന്ന് പറഞ്ഞത് ഗൈഡ് പ്രദീപാണ്. ഈ കാട്ടിലെവിടെയോ ഇരുന്ന് ഒരു മൃഗം നമ്മെ ശ്രദ്ധിക്കുന്നുണ്ടെന്നും പ്രദീപിന്റെ ഓർമ്മപ്പെടുത്തൽ. അഗസ്ത്യന്റെ വന്യതയും ഭംഗിയും ഒരേ സമയം കാട്ടിത്തരുന്നു ആ വാക്കുകള്‍.
കണ്ടു ശീലിച്ച കാടുകളിൽ നിന്ന് ഉൾക്കാടുകളിലേക്ക് കടക്കുമ്പോള്‍ തന്നെ നമ്മളൊന്ന് ഫ്രഷാകും. ഉള്ളിലും പുറമെയുമുള്ള വേദനകളെ പോലും തലോടാൻ കെല്പുള്ള കാറ്റും വെള്ളച്ചാട്ടങ്ങൾ സ്വയമേവ കമ്പോസ് ചെയ്ത സംഗീതവും നേരിട്ടനുഭവിച്ചറിയാനുള്ള അവസരമാണിത്. നടന്ന് ക്ഷീണിക്കുമ്പോൾ ഇടയ്ക്കൊന്നിറങ്ങി കുളിച്ചു കേറാൻ കാട്ടരുവികളും രണ്ട് കിലോമീറ്റർ കൂടുമ്പോഴുണ്ട്.
പുൽമേടിൽ നിന്ന് നോക്കുമ്പോൾ തന്നെ സഹ്യാദ്രിയ്ക്കുമേൽ തലയുയർത്തി നില്‍ക്കുന്ന അഗസ്ത്യാർകൂടത്തെ കാണാം. മറ്റൊന്നും അലോസരപ്പെടുത്താത്ത അന്തരീക്ഷം. അക്ഷരാർത്ഥത്തിൽ കാടിന്റെ നിഗൂഢതയിലേക്ക് ഒരു എത്തിനോട്ടം.
ബോണക്കാട് പിക്കറ്റ് സ്റ്റേഷനില്‍ നിന്നുള്ള ആദ്യ 18 കിലോമീറ്റർ അവസാനിക്കുന്നത് അതിരുമല ബേസ് ക്യാമ്പിലാണ്. ക്ഷീണിച്ച് ചെല്ലുന്നവരെ കാത്ത് ചൂട് ചുക്ക് കാപ്പിയും ബജിയുമുണ്ടാകും അവിടെ. ചൂടോടെ അത് ഉള്ളിലാക്കിയിട്ട് താഴത്തെ അരുവിയിലൊരു കുളി പാസാക്കണം. പുൽമേട്ടിലെ ചൂട് തന്ന ക്ഷീണവും ഏഴുമടക്കിപ്പാറയും മുട്ടിടിച്ചാൻ പാറയും തന്ന കാലുവേദനയും പമ്പ കടക്കാൻ കുളി ബെസ്റ്റാണ്. പത്തുപേർക്ക് ഒരാളെന്ന രീതിയിലാണ് ഇവിടുന്നങ്ങോട്ടും ഗൈഡിനെ അനുവദിച്ചിരിക്കുന്നത്.
ഷീറ്റ് മേഞ്ഞതും ഗോഡൗൺ പോലെ അടച്ചുകെട്ടിയതുമായ കെട്ടിടമാണ് അതിരുമല ബേസ് ക്യാമ്പ്. വന്യമൃഗങ്ങൾ അകത്തു കടക്കാതിരിക്കാൻ ചുറ്റിലും താഴ്ചയുള്ള കുഴി വെട്ടിയിട്ടുണ്ട്. എങ്കിലും എല്ലാവരും ഭക്ഷണം കഴിച്ച് കഴിഞ്ഞ് മിച്ചമുള്ളത് കഴിക്കാൻ എത്തുന്ന കരടി ബേസ് ക്യാമ്പിലെ സ്ഥിരം അതിഥിയാണ്. നേരം ഇരുട്ടിയാൽ കോച്ചുന്ന തണുപ്പ് അവിടം കയ്യേറും. വാതിലിന് ഇടയിലൂടെ അരിച്ചുകയറുന്ന തണുപ്പിനെ ചെറുക്കാൻ പുതപ്പിന് പോലുമായെന്ന് വരില്ല. പുറത്ത് പേരറിയാത്ത നിശാജീവികളുടെ ശബ്ദവും തണുത്ത കാറ്റും ചുറ്റും ഇഴജന്തുക്കളെന്തെങ്കിലും ഉണ്ടോയെന്ന ഭയവും ഉറക്കം മുഴുമിപ്പിക്കാൻ അനുവദിക്കണമെന്നില്ല. ക്യാമ്പിനപ്പുറം ഘോരവനമാണ്. ആനയും കരടിയും കാട്ടുപോത്തും പാമ്പും പഴുതാരയും തുടങ്ങിയ ജീവികളുടെ രാജ്യമാണവിടെ.
ഇത്തരം കേട്ടറിഞ്ഞ അനുഭവങ്ങളാണോ നീണ്ട പോരാട്ടത്തിന് ഒടുവിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച് വർഷം അഞ്ച് കഴിഞ്ഞെങ്കിലും അഗസ്ത്യ കേറുന്നതില്‍ നിന്ന് അവരെ പിന്നോട്ട് വലിക്കുന്നതെന്ന് ആലോചിക്കാറുണ്ട്.വിരലിലെണ്ണാവുന്നയത്ര പെണ്ണുങ്ങളാണ് ഇപ്പോഴും അഗസ്ത്യയിലെത്തുന്നതെന്നത് എന്ന വസ്തുത അതേസമയം അത്ഭുതപ്പെടുത്തുന്നുമുണ്ട്.സഞ്ചാരകേന്ദ്രമെന്നതിലുപരി തീർത്ഥാടനകേന്ദ്രമായി അഗസ്ത്യമലയെ പരിഗണിക്കുന്ന നിരവധി പേരുണ്ട്. മലമുകളിൽ അഗസ്ത്യമുനിയുടെ ഒരു പ്രതിഷ്ഠയുണ്ട്. ഗോത്രവിഭാഗങ്ങളുടെ വിശ്വാസങ്ങൾ കാരണം സ്ത്രീകൾക്ക് ഇവിടെ അനൗദ്യോഗികമായ പ്രവേശനവിലക്കുണ്ടായിരുന്നു. ഹൈക്കോടതി വിധിയെത്തുടർന്ന് 2019 മുതലാണ് ഇവിടെ സ്ത്രീകൾക്ക് മലകയറ്റത്തിന് അനുമതി ലഭിച്ചത്. പക്ഷേ ഗോത്രവിഭാഗം ഇപ്പോഴും ഈ വിലക്ക് പിന്തുടരുന്നുണ്ട്.
അതിരുമലയിൽ നിന്ന് ആറുകിലോമീറ്റർ താണ്ടി വേണം അഗസ്ത്യാർമലയിലേക്കെത്താൻ. വേരുകൾ കെട്ടുപിണഞ്ഞ് കിടക്കുന്ന വഴി. മഞ്ഞോ മഴയോ തലോടിയാൽ മാത്രം പൂക്കാൻ കാത്തുനിൽക്കുന്ന പൂക്കൾ. ഗൈഡുമാരുടെ ഭാഷയിൽ പറഞ്ഞാൽ സയനൈഡിനെക്കാൾ വിഷമുള്ളതും, ജീവിപ്പിക്കാൻ കെല്പുള്ളതുമായ ഔഷധസസ്യങ്ങൾ നിറഞ്ഞ വഴികൾ. അവിടവിടെ വന്യമൃഗങ്ങളുടെ വിനോദങ്ങൾ കാണാം. ഓരോ ഇലയനക്കവും നമ്മെ കൂടുതൽ ജാഗ്രതയോടെ നടക്കാൻ പ്രേരിപ്പിക്കും. നൂഴ്ന്ന് കേറാവുന്ന, ഒന്ന് കാലിടറിയാൽ വീണുപോകാവുന്ന വഴികളും വീണുപോകുമോയെന്ന് പേടിക്കുമ്പോൾ തലോടുന്ന എസി കാടുകളും റോപ്പുകളുമാണ് അഗസ്ത്യനിലേക്ക് എത്താനുള്ള വഴികൾ. അടിച്ചിടുന്ന കാറ്റിനെ മറികടന്ന്, താഴ്ചകളെ ഭയമില്ലാതെ നോക്കി അവസാനമല കയറിപ്പറ്റുന്നവർക്ക് മാത്രമുള്ളതാണ് അഗസ്ത്യാർകൂടത്തിന്റെ കാഴ്ചകൾ. കഷ്ടപ്പെട്ട് അഗസ്ത്യന് മുന്നിലെത്തുമ്പോൾ വീശിയടിക്കുന്ന തണുത്ത കാറ്റ് നമ്മെ പിടിച്ചുലയ്ക്കും. പഞ്ചപാണ്ഡവമല എന്നറിയപ്പെടുന്ന മലയും പേപ്പാറ റിസർവോയറും നെയ്യാർ റിസർവോയറും തമിഴ്നാട്ടിലെ പാപനാശവും തിരുനെൽവേലിയുമെല്ലാം അവിടത്തെ കാഴ്ചകളായി മുന്നിൽ നിറയും. മനസിൽ ഒരായിരം ചോദ്യങ്ങളുയരും. ഉള്ളിലെ ആധിയും നോവുമൊക്കെ കണ്ണീരായി ആ മലകളെ ചുംബിച്ചേക്കും. ചേർത്തുപിടിച്ച് തലോടുന്ന പ്രകൃതിയെ അഗസ്ത്യ കാണിച്ചുതരും. മറ്റൊന്നിനും നല്കാനാകാത്ത സന്തോഷവും മനസമാധാനവുമാണ് അഗസ്ത്യൻ കരുതിവച്ചിരിക്കുന്നതെന്ന് പറയുന്നതാകും നല്ലത്. സാഹസികരെ മുന്നോട്ട് നയിക്കുന്ന ഊർജ്ജമാണ് ഒരു തരത്തിൽ അഗസ്ത്യാർകൂടം. ആഗ്രഹിക്കാൻ നമുക്കറിയാമെങ്കിൽ, കാലത്തിനറിയാം അത് നമുക്ക് വച്ച് നീട്ടേണ്ട നേരമേതെന്ന്.. ഈ ഓർമ്മപ്പെടുത്തൽ കൂടിയാകുകയാണ് ഓരോ അഗസ്ത്യാർകൂട യാത്രയും.