തൃശൂർ ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് മരം കടപുഴകി വീണു. കലാമണ്ഡലത്തിനു സമീപം റെയിൽവേ പാലത്തിന് താഴെയാണ് സംഭവം നടന്നത്. ലോക്കോ പൈലറ്റിൻ്റെ സമയോചിതമായ ഇടപെടൽ കാരണം വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
മരം വീഴുന്നത് കണ്ടയുടൻ ലോക്കോ പൈലറ്റ് ട്രെയിനിൻ്റെ വേഗത കുറച്ചതാണ് വലിയ അപകടം ഒഴിവാക്കാൻ സഹായിച്ചത്.
ജാം നഗർ‑തിരുനെൽവേലി എക്സ്പ്രസ് ട്രെയിനിന് മുകളിലേക്കാണ് മരം വീണത്. അപകടത്തെത്തുടർന്ന് ട്രെയിൻ മണിക്കൂറുകളോളം നിർത്തിയിട്ടു. റെയിൽവേ അധികൃതരും ഫയർഫോഴ്സും എത്തി മരം പൂർണ്ണമായി മുറിച്ചുമാറ്റിയ ശേഷമാണ് ഈ റൂട്ടിൽ ഗതാഗതം പുനരാരംഭിച്ചത്. ഇന്നലെ രാത്രി സമീപ പ്രദേശങ്ങളിൽ ശക്തമായ മഴയും കാറ്റുമുണ്ടായതാണ് മരം കടപുഴകി വീഴാൻ കാരണമെന്നാണ് പ്രാധമിക നിഗമനം.

