Site iconSite icon Janayugom Online

പാസ്‌പോർട്ട് വെരിഫിക്കേഷനിൽ തിരിമറി; കർണാടകയിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

പാസ്‌പോർട്ട് വെരിഫിക്കേഷൻ രേഖകളിൽ കൃത്രിമം കാണിച്ച് പശ്ചിമ ബംഗാൾ സ്വദേശിക്ക് പാസ്‌പോർട്ട് ലഭിക്കാൻ സഹായിച്ച വിട്ടൽ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കോൺസ്റ്റബിൾ പ്രദീപാണ് അറസ്റ്റിലായത്. ഭാരതീയ ന്യായ സംഹിത പ്രകാരം ക്രിമിനൽ വിശ്വാസവഞ്ചന, രേഖകളിൽ കൃത്രിമം കാണിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് നടപടി. അപേക്ഷകനായ ശക്തി ദാസിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

2025 ഫെബ്രുവരിയിൽ ശക്തി ദാസ് സമർപ്പിച്ച ആദ്യ അപേക്ഷ വിലാസത്തിലെ പൊരുത്തക്കേട് കാരണം പൊലീസ് നിരസിച്ചിരുന്നു. തുടർന്ന് ജൂണിൽ ഇയാൾ വീണ്ടും അപേക്ഷ നൽകി. ഈ അപേക്ഷ വെരിഫിക്കേഷൻ നടത്തേണ്ടിയിരുന്ന ബീറ്റ് കോൺസ്റ്റബിൾ അറിയാതെ പ്രദീപ് രഹസ്യമായി കൈകാര്യം ചെയ്യുകയായിരുന്നു. കോൺസ്റ്റബിളിന്റെ ഒപ്പ് വ്യാജമായി ഇടുകയും മുതിർന്ന ഉദ്യോഗസ്ഥരുടെ ശുപാർശ നേടിയെടുത്ത് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്ത പ്രദീപ്, തെളിവ് നശിപ്പിക്കാനായി വെരിഫിക്കേഷൻ റെക്കോർഡുകൾ നശിപ്പിക്കുകയും ചെയ്തു.

ഡിസംബർ 19ന് സ്റ്റേഷനിലെ റെക്കോർഡുകൾ പരിശോധിച്ചപ്പോഴാണ് ഈ ഗുരുതരമായ തട്ടിപ്പ് പുറത്തുവന്നത്. കേന്ദ്ര സർക്കാർ നൽകുന്ന സുപ്രധാന തിരിച്ചറിയൽ രേഖയായ പാസ്‌പോർട്ട് വ്യാജരേഖകളിലൂടെ സമ്പാദിക്കാൻ സഹായിച്ചത് വലിയ സുരക്ഷാ വീഴ്ചയായാണ് പൊലീസ് കണക്കാക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രദീപിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ശക്തി ദാസിനെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.

Exit mobile version