Site iconSite icon Janayugom Online

പിസ്തയുടെ തൊലി തൊണ്ടയില്‍ കുടുങ്ങി രണ്ടുവയസുകാരന് ദാരുണാന്ത്യം

പിസ്തയുടെ തൊലി തൊണ്ടയില്‍ കുടുങ്ങി രണ്ടുവയസുകാരന് ദാരുണാന്ത്യം. കുമ്പള ഭാസ്‌കര നഗറിലെ അന്‍വറിന്റെയും മെഹറൂഫയുടെയും മകന്‍ അനസ് ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം വീട്ടില്‍ വച്ചാണ് കുട്ടി പിസ്തയുടെ തൊലി എടുത്തു കഴിച്ചത്. തൊണ്ടയില്‍ കുടുങ്ങിയതോടെ വീട്ടുകാര്‍ കൈകൊണ്ട് ഒരു കഷണം വായില്‍ നിന്ന് എടുത്തുമാറ്റി. പിന്നീട് കുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. 

പരിശോധനയില്‍ പിസ്തയുടെ തൊലിയുടെ ബാക്കി ഭാഗം തൊണ്ടയില്‍ ഒന്നും കണ്ടെത്താന്‍ കഴിയാത്തതിനാല്‍ പ്രശ്‌നമില്ലെന്ന് കണ്ട് ഡോക്ടര്‍ വീട്ടിലേക്ക് തിരിച്ചയച്ചിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് പിതാവ് അന്‍വര്‍ ഗള്‍ഫിലേക്ക് പോയത്. വിവരമറിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. സഹോദരി ആയിഷു.

Exit mobile version