Site iconSite icon Janayugom Online

വിദ്വേഷ രാഷ്ട്രീയത്തിന്റെ ഇരയാകുന്നു: മുഡ കുംഭകോണത്തിന്റെ വിവാദ ഭൂമി തിരിച്ചു നല്‍കാൻ തയ്യാറെന്ന് സിദ്ധരാമയ്യയുടെ ഭാര്യ

siddaramaiahsiddaramaiah

മൈസൂർ അർബൻ ഡെവലപ്‌മെന്റ് അതോറിറ്റി (മുഡ) ഭൂമിയിടപാട് കേസുമായി ബന്ധപ്പെട്ട വിവാദപ്ലോട്ടുകള്‍ തിരികെ നല്‍കാന്‍ തയ്യാറാണെന്ന് കര്‍ണാടക മുഖ്യമന്ത്രി ജി സിദ്ധരാമയ്യയുടെ ഭാര്യ ബി എം പാര്‍വതി. ഭര്‍ത്താവ് വിദ്വേഷരാഷ്ട്രീയത്തിന്റെ ഇരയാകുന്നുവെന്നും ധനത്തെയും ഭൂമിയേക്കാളും വലുത് തന്റെ ഭര്‍ത്താവിന്റെ അഭിമാനമാണെന്നും എന്നാണ് മുഡയ്ക്ക് അയച്ച കത്തില്‍ പാര്‍വതി പറയുന്നു. 

ഏറ്റെടുത്ത ഭൂമിക്ക് പകരം അതിനേക്കാള്‍ മൂല്യമേറിയ ഭൂമി പകരം നല്‍കി എന്നതാണ് മുഡ അഴിമതി. പാര്‍വതിയില്‍ നിന്ന് മുഡ 3.2 ഏക്കര്‍ ഭൂമി (സഹോദരന്‍ മല്ലികാര്‍ജുനസ്വാമിയാണ് പാര്‍വതിക്ക് ഈ ഭൂമി നല്‍കിയത്) ഏറ്റെടുക്കുകയും അതിനുപകരം കണ്ണായ സ്ഥലത്ത് 14 പ്ലോട്ടുകള്‍ നല്‍കിയെന്നുമാണ് ആരോപണം. വിവാദവുമായി ബന്ധപ്പെട്ട് ആദ്യമായാണ് പാര്‍വതി പ്രതികരിക്കുന്നത്.

മൈസൂരിലെ വിജയനഗര്‍ ഫേസ് മൂന്നിലും നാലിലുംനിന്നായി ലഭിച്ച വ്യത്യസ്ത അളവിലുള്ള 14 പ്ലോട്ടുകളും തിരികെ നല്‍കാന്‍ തയ്യാറാണ് എന്നാണ് പാര്‍വതി കത്തില്‍ വ്യക്തമാക്കുന്നത്. തീരുമാനം വ്യക്തിപരമാണെന്നും ഭാര്‍ത്താവുമായോ മകനും എം.എല്‍.എയുമായ യതീന്ദ്ര സിദ്ധരാമയ്യയുമാ മറ്റ് കുടുംബാംഗങ്ങളുമായോ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും പാര്‍വതി കത്തില്‍ പറയുന്നു.‘ഞാന്‍ നല്‍കിയ ഭൂമിക്ക് പകരമായി മുഡ എനിക്ക് നല്‍കിയ 14 പ്ലോട്ടുകളും തിരികെനല്‍കാന്‍ തയ്യാറാണ്. ഭൂമി തിരിച്ചെടുക്കാന്‍ ആവശ്യമായ നടപടികള്‍ എത്രയും വേഗം കൈക്കൊള്ളണം. എന്റെ ഭര്‍ത്താവിന്റെ അഭിമാനത്തെക്കാളും വലുതല്ല എനിക്ക് മറ്റൊന്നും. വര്‍ഷങ്ങളായി പൊതുപ്രവര്‍ത്തനം ചെയ്യുന്ന കുടുംബമാണിത്, അവിടെ നിന്നും അര്‍ഹതയില്ലാത്ത ഒന്നിനുംവേണ്ടി ഞാന്‍ ആഗ്രഹിച്ചിട്ടില്ല’, പാര്‍വതി കത്തില്‍ വ്യക്തമാക്കി.
കേസില്‍ നടപടി നേരിടുമെന്ന് സിദ്ധരാമയ്യ പ്രതികരിച്ചു. മൂഡ അഴിമതിക്കേസില്‍ കള്ളപ്പണം വെളുപ്പിച്ചതിന് തെളിവില്ലെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.

Exit mobile version