Site iconSite icon Janayugom Online

ഒരു ഗ്രാമം ആരുമറിയാതെ വിറ്റു; പശ്ചിമ ബംഗാളില്‍ 400 കോടിയുടെ ഭൂമി കുംഭകോണം

പശ്ചിമ ബംഗാളില്‍ വന്‍ ഭൂമി കുംഭകോണം. ഒരു ഗ്രാമം മുഴുവന്‍ വ്യാജരേഖ ഉണ്ടാക്കി വിറ്റു. ബംഗാളിലെ ഝാര്‍ഗ്രാമിലാണ് രാജ്യത്തെ ഞെട്ടിച്ച ഭൂമി കുംഭകോണം അരങ്ങേറിയത്. 400 ഏക്കര്‍ ഭൂമിയാണ് റിയല്‍ എസ്റ്റേറ്റ് മാഫിയ ആരെയും അറിയിക്കാതെ വില്പന നടത്തിയത്. പത്താറ ഗ്രാമപഞ്ചായത്തിലെ ബക്ര വില്ലേജാണ് മാഫിയ സംഘം ജനങ്ങളെയും അധികൃതരെയും അറിയിക്കാതെ വിറ്റത്. 

വീടുകള്‍, കൃഷിഭൂമി, ഗ്രാമപഞ്ചായത്ത്, വിദ്യാലയം, ക്ഷേത്രം എന്നിവ സ്ഥിതി ചെയ്യുന്ന 400 ഏക്കാര്‍ ഭൂമിയാണ് വ്യാജ ആധാര രേഖ ചമച്ച് ഉടമകള്‍ അറിയാതെ വില്പന നടത്തിയത്. ബക്ര ഗ്രാമത്തിന് സമീപമുള്ള മണിക് ഝാട്ടിയ, അങ്കര്‍നാലി, ചുനപാര എന്നിവിടങ്ങളിലെ 400 ഏക്കര്‍ ഭൂമിയാണ് ചില സ്വകാര്യ വ്യക്തികളും കൊല്‍ക്കത്ത ആസ്ഥാനമായ കമ്പനിയും വാങ്ങികൂട്ടിയത്. ബംഗാളിലെ നാല് റവന്യു യുണിറ്റിലാണ് സംസ്ഥാനത്തെ ഞെട്ടിച്ച ഭൂമി കുംഭകോണം നടന്നത്. 

2024 എപ്രില്‍ മുതല്‍ ആരംഭിച്ച ഭൂമി തട്ടിപ്പിന് 500 ഓളം കുടുംബങ്ങളാണ് ഇരകളായത്. ഭൂമി കംഭകോണവുമായി ബന്ധപ്പെട്ട് 2025 സെപ്റ്റംബര്‍ 18 ന് സംക്രയില്‍ ബ്ലോക്കിന് കീഴിലുള്ള ചിരക്കുട്ടി ഗ്രാമത്തിലെ കുപ്രസിദ്ധ ഭൂമാഫിയ നേതാവായ സുക്രജ്ഞന്‍ മഹാതയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേ കേസില്‍ മറ്റ് രണ്ട് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാജരേഖ ചമയ്ക്കല്‍, ക്രിമിനല്‍ ഗുഢാലോചന, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് മൂന്നു പേരെയും അറസ്റ്റ് ചെയ്തത്. ഭൂമി അഴിമതി അന്വേഷിക്കാന്‍ ജാര്‍ഗ്രാം ജില്ലാ കളക്ടര്‍ പ്രത്യേക സംഘത്തെയും നിയോഗിച്ചിരിക്കുകയാണ്. 

വ്യാജരേഖ ഉപയോഗിച്ച് നിയമവിരുദ്ധമായി എത്ര ഭൂമി റിയല്‍ എസ്റ്റേറ്റ് മാഫിയ കൈവശപ്പെടുത്തിയെന്ന് ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ല. 2024 ഏപ്രിൽ മുതൽ വ്യാജ ഭൂമി വില്പന നടന്നിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. ബക്ര, അങ്കർനലി ഗ്രാമങ്ങളിൽ നിന്നുള്ള 75 പട്ടയ ഭൂവുടമകൾ തങ്ങളുടെ ഭൂമി മക്കൾക്ക് കൈമാറാൻ ശ്രമിച്ചപ്പോഴാണ് ഭൂമി കുംഭകോണം പുറത്തുവന്നത്. 

പാത്ര ഗ്രാമപഞ്ചായത്ത് പ്രധാന്‍ ദീപ് ബൈസ് നാബിന്റെ പേരില്‍ തയ്യാറാക്കിയ വ്യാജ അനന്തരവാകാശ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് മാഫിയ ഭൂമി കൈമാറ്റം നടത്തിയത്. തന്റെ പേരിലുള്ള രണ്ട് ഏക്കര്‍ ഭൂമി അടക്കം മാഫിയ തന്നെ അറിയിക്കാതെ വിറ്റതായി ദീപക് ബൈസ് നാബ് പ്രതികരിച്ചു. സര്‍ക്കാരിന്റെ അഭയാര്‍ത്ഥി പുനരധിവാസ പദ്ധതി പ്രകാരം ലഭിച്ച ഭൂമിയാണ് മാഫിയ ഇത്തരത്തില്‍ വിറ്റിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

Exit mobile version