Site iconSite icon Janayugom Online

ഹവായി ദ്വീപിൽ അഗ്നിപർവതം പൊട്ടിത്തെറിച്ചു; ലാവാ പ്രവാഹം 100 അടി ഉയരത്തിൽ

അമേരിക്കയിലെ ഹവായി ദ്വീപിൽ അഗ്നിപർവതം പൊട്ടിത്തെറിച്ചു. ലോകത്തിലെ ഏറ്റവും സജീവമായ അഗ്നിപർവതങ്ങളിലൊന്നായ കിലൗയയാണ് പൊട്ടിത്തെറിച്ചത്. നൂറ് അടി ഉയരത്തിൽ ലാവ പൊട്ടിത്തെറിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഈ വർഷം മാത്രം 30-ലധികം തവണയാണ് കിലൗയ അഗ്നിപർവതം പൊട്ടിത്തെറിച്ചത്. കിലൗയുടെ കൊടുമുടികളിലൊന്നായ കാൽഡിറയിലെ ഹാലൈമൌമൌ അഗ്നിമുഖത്താണ് പുതിയ സ്ഫോടനം നടന്നത്. മാഗ്മ ഏകദേശം 3.8 ക്യൂബിക് മീറ്റർ ഉയരത്തിലെത്തിയതോടെ സ്ഫോടനം 10 മുതൽ 12 മണിക്കൂർ വരെയാണ് തുടരുന്നത്. 

ലാവ പ്രവാഹത്തിൻ്റെ മനോഹരമായ കാഴ്ച കാണാൻ നിരവധി സഞ്ചാരികളാണ് പ്രദേശത്തേക്ക് എത്തുന്നത്. അഗ്നിപർവതം പൊട്ടിത്തെറിച്ചതോടെ ഹവായ് അഗ്നിപർവത ദേശീയോദ്യാനത്തിലേക്കുള്ള സന്ദർശകരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. കിലൗയ അഗ്നിപർവത സ്ഫോടനത്തിൽ വിഷവാതകമായ സൾഫർ ഡൈ ഓക്സൈഡ് 50,000 ടണ്ണിലധികം പുറന്തള്ളപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ പ്രദേശത്തുള്ളവർക്കും വിനോദ സഞ്ചാരികൾക്കും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൾഫർ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിൽ വ്യാപിക്കുന്നതോടെ കണ്ണുകളെയും ശ്വാസകോശത്തെയും ബാധിക്കാനുള്ള സാധ്യത പരിഗണിച്ചാണ് ഈ മുൻകരുതൽ.

Exit mobile version