Site icon Janayugom Online

കാടിനെ അറിയാന്‍ പേരാമ്പ്രയിലൂടെയൊരു വഴി

കാടിനെ അറിഞ്ഞ്.. കടുവകളെ കണ്ടുകൊണ്ടുള്ള യാത്രയ്ക്ക് പേരാമ്പ്രക്കടുത്ത് മുതുകാട്ടിൽ വഴിയൊരുങ്ങുകയാണ്. മുതുകാട്ടിലെ പേരാമ്പ്ര എസ്റ്റേറ്റിൽ മുതുകാട് ടൈഗർ സഫാരി പാർക്കിന്റെ സർവേ നടപടികൾ ആരംഭിക്കാൻ തീരുമാനിച്ചതോടെ ഏറെ പ്രതീക്ഷയിലാണ് പ്രദേശവാസികളും. കാടും റിസർവോയറും മലകളും അതിര് പങ്കിടുന്ന പ്രദേശത്തിന് സഫാരി പാർക്ക് വികസനത്തിന്റെ പുതിയ വഴികൾ തുറന്നു നൽകുമെന്ന് നാട്ടുകാർക്കുറപ്പുണ്ട്. ഇവിടെ 12- ഹെക്ടർ ഭൂമിയിലാണ് പാർക്ക് ആരംഭിക്കാൻ തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി മുതുകാട്ടിലെ പേരാമ്പ്ര എസ്റ്റേറ്റിൽ ഭൂമി സർവേ നടപടികൾക്കായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഫോറസ്റ്റ് സർവേ അസി. ഡയരക്ടർ കെ ദാമോദരൻ, സൂപ്രണ്ട് വി ബാബു എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം എസ്റ്റേറ്റ് മേഖല സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി. 

എസ്റ്റേറ്റ് സി ഡിവിഷനിൽ പത്താം ഏരിയയിലെ ഭൂമിയിലാണ് പാർക്ക് സ്ഥാപിക്കുന്നത്. പ്ലാന്റേഷൻ കോർപറേഷൻ വനം വകുപ്പിൽ നിന്നും പാട്ടത്തിനെടുത്ത ഭൂമിയിലാണ് പേരാമ്പ്ര എസ്റ്റേറ്റ് പ്രവർത്തിക്കുന്നത്. എസ്റ്റേറ്റ് ഭൂമിയുടെ പാട്ടക്കാലാവധി കഴിഞ്ഞതിനാൽ ടൈഗർ പാർക്കിനായി വനം വകുപ്പിന് എളുപ്പത്തിൽ ഭൂമി ഏറ്റെടുക്കാൻ കഴിയും. പാട്ടക്കാലാവധി കഴിഞ്ഞ 120 ഹെക്ടർ ഭൂമി പാർക്കിന് വിട്ടു നൽകാൻ നവംബർ 18 ന് സർക്കാർ ഉത്തരവായിരുന്നു. എത്രയും പെട്ടന്ന് സർവേ നടപടികൾ പൂർത്തീകരിക്കാൻ മന്ത്രിമാരായ എ കെ ശശീന്ദ്രൻ, പി പ്രസാദ് എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നത തല യോഗത്തിൽ തീരുമാനിച്ചിരുന്നു. എസ്റ്റേറ്റിന്റെ പ്രവേശന കവാടത്തിന് സമീപം ഏറ്റെടുക്കുന്ന രണ്ട് ഹെക്ടർ ഭൂമിയിൽ പാർക്കിങ് സൗകര്യങ്ങൾ ഒരുക്കാനാണ് തീരുമാനം. ടിക്കറ്റ് കൗണ്ടർ, ശുചിമുറി ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കും. ജല ലഭ്യതയും ചുറ്റും മനുഷ്യവാസമില്ലെന്നതുമാണ് പ്രദേശത്തെ പാർക്കിന് അനുയോജ്യമായ സ്ഥലമാക്കി മാറ്റിയത്. ടൈഗർ സഫാരി പാർക്ക് എന്ന് കേട്ടപ്പോൾ പ്രദേശവാസികളിൽ ചിലർക്കെങ്കിലും ആദ്യമുണ്ടായ ആശങ്കയും കാര്യങ്ങൾ മനസിലാക്കിയതോടെ ഇല്ലാതായിട്ടുണ്ട്. വനത്തിന് യാതൊരു ദോഷവും ഇല്ലാത്ത രീതിയിലാണ് പാർക്ക് ഒരുക്കുക. 

കടുവകൾക്കുള്ള പുനരധിവാസ കേന്ദ്രം എന്നതിന് പുറമെ പ്രദേശത്ത് വലിയൊരു ടൂറിസം സാധ്യതയും കൂടിയാണ് പാർക്ക് തുറന്നിടുന്നത്. വയനാട്ടിൽ ഉൾപ്പെടെ കാടിറങ്ങുന്ന കടുവകൾ വലിയ രീതിയിലുള്ള പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്. എന്നാൽ ഇനിയും കടുവകളെ ഉൾക്കൊള്ളാവുന്ന അവസ്ഥയിലല്ല ഇവിടം. കടുവാ സഫാരി പാർക്ക് വരുന്നതോടെ ഈ കടുവകളെ ഇവിടേക്ക് എത്തിക്കാനും കൃത്യമായി സംരക്ഷിക്കാനും സാധിക്കും. മുതുകാട്ടിൽ നിന്ന് കക്കയം ഡാം പരിസരത്തേക്ക് മുമ്പുണ്ടായിരുന്ന റോഡ് വന്യമൃഗശല്യം കാരണം നേരത്തെ അടച്ചിരുന്നു. ഈ റോഡിന്റെ പുതിയ സാധ്യതകളും ഇതിനകം ചർച്ചയായിട്ടുണ്ട്.

Eng­lish Summary:A way through Per­am­pra to know the forest

You may also like this video

Exit mobile version