Site iconSite icon Janayugom Online

ചുമ മരുന്ന് ദുരന്തം തുറന്നുകാട്ടുന്നത് ദുര്‍ബലമായ നിയന്ത്രണ സംവിധാനം

മധ്യപ്രദേശിലും രാജസ്ഥാനിലുമായി 20 കുട്ടികളുടെ മരണത്തിനിടയാക്കിയ ചുമ മരുന്ന് ദുരന്തം തുറന്നുകാട്ടുന്നത് രാജ്യത്തെ ദുര്‍ബലമായ മരുന്ന് നിയന്ത്രണ സംവിധാനങ്ങള്‍. വര്‍ഷങ്ങളായി കേന്ദ്ര മരുന്ന് നിയന്ത്രണ സംവിധാനത്തെ നിയന്ത്രിക്കുന്ന സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്റേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനും (സിഡിഎസ്‌സിഒ) യും സംസ്ഥാന മരുന്ന നിയന്ത്രണ വകുപ്പുകളുമെല്ലാം അഴിമതി, ചുവപ്പുനാട, ഉദ്യോഗസ്ഥരുടെ കുറവ്, ഗുണനിലവാരമുള്ള പരിശോധനാ ലാബുകളുടെ അപര്യാപ്തത എന്നിവ മൂലം പ്രതിസന്ധിയിലാണ്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി അവശ്യം വേണ്ട ഡ്രഗ്സ് ഇന്‍സ്പെക്ടര്‍മാരുടെ തസ്തികകളില്‍ 60 ശതമാനവും ഒഴിഞ്ഞുകിടക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നിരവധി പാര്‍ലമെന്ററി സമിതികള്‍ ചൂണ്ടിക്കാട്ടിയിട്ടും മരുന്ന് നിയന്ത്രണ സംവിധാനങ്ങളിലെ ഒഴിവുകള്‍ നികത്താന്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. 2003ലെ മാഷേല്‍ക്കര്‍‍ കമ്മിറ്റിയുടെ ശുപാര്‍ശയില്‍ കേന്ദ്ര, സംസ്ഥാന തലത്തില്‍ അടിസ്ഥാന സൗകര്യങ്ങളുള്ള കെട്ടിടങ്ങള്‍ ഡ്രഗ്സ് കണ്‍ട്രോള്‍ ഓഫിസുകള്‍ക്കായി നിര്‍മ്മിക്കണമെന്ന് ചൂണ്ടിക്കാട്ടിയിട്ടും ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും ഒരു പുരോഗതിയുമുണ്ടായില്ല.
സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തിക്കുന്നത് അനുവദിക്കപ്പെട്ട ഡ്രഗ്സ് ഇന്‍സ്പെക്ടര്‍മാരുടെ തസ്തികകളില്‍ വെറും 40% നിയമനങ്ങളിലൂടെയാണ്. ദശകങ്ങളായി ബാക്കി തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. കഴിഞ്ഞ ഡിസംബറില്‍ കെമിക്കല്‍ ആന്റ് ഫെര്‍ട്ടിലേഴ്സുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ചൂണ്ടിക്കാട്ടിയത് രാജ്യത്തെ 750 ജില്ലകളിലായി വെറും 504 ഡ്രഗ്സ് ഇന്‍സ്പെക്ടര്‍മാരാണ് ഉള്ളത്. 200 തസ്തികകള്‍ ഒഴിഞ്ഞു കിടന്നപ്പോള്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ നിയമനങ്ങള്‍ നടന്നത് വെറും 49 എണ്ണമാണ്.
ഉദ്യോഗസ്ഥരുടെ അഭാവം പരിശോധനകളില്‍ ഗണ്യമായ വീഴ്ചയ്ക്കിടയാക്കുന്നു. ദുരന്തത്തിനിടയാക്കിയ മരുന്ന് നിര്‍മ്മിച്ച തമിഴ്‌നാട്ടില്‍ ജൂണ്‍ മുതല്‍ മരുന്ന് നിയന്ത്രണ സംവിധാനത്തിന് നാഥനില്ലാത്ത അവസ്ഥയാണ്. 365 മരുന്ന് നിര്‍മ്മാണ യൂണിറ്റുകളും ആയിരക്കണക്കിന് ഫാര്‍മസികളും മൊത്തവ്യാപാരികളും ബ്ലഡ് ബാങ്കുകളുമാണ് തമിഴ്‌നാട്ടില്‍ പ്രവര്‍ത്തിക്കുന്നത്.
മരുന്നുകളുടെ സാമ്പിള്‍ പരിശോധനയും രാജ്യത്ത് ഫലപ്രദമായി നടക്കുന്നില്ല. ഉത്തരാഖണ്ഡില്‍ പ്രതിവര്‍ഷം 750 സാമ്പിളുകള്‍ പരിശോധിക്കേണ്ടയിടത്ത് 2015 ഏപ്രില്‍ മുതല്‍ 2019 ജനുവരി വരെ പരിശോധിച്ചത് വെറും 226 സാമ്പിളുകള്‍ മാത്രമാണെന്നത് മരുന്ന് ഗുണനിലവാര പരിശോധനാ രംഗത്ത് രാജ്യത്ത് എത്രത്തോളം അപകടരമായ അനാസ്ഥയാണ് നിലനില്‍ക്കുന്നതെന്നത് വ്യക്തമാക്കുന്നു.

Exit mobile version