സ്‌ത്രീകളുടെ രാത്രി സുരക്ഷ ഉറപ്പാക്കാനുള്ള പൊലീസിന്റെ സേവനം പരിശോധിക്കാൻ വേഷം മാറി നഗരത്തിലിറങ്ങി വനിത എസിപി.
ആഗ്ര കാന്റ് റെയിൽവേ സ്റ്റേഷനിലേക്ക് പോകണമെന്നും തനിച്ച് പോകാൻ ഭയമാണെന്നും പറഞ്ഞ് ഒരു പെൺകുട്ടി രാത്രി ആഗ്ര പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു. പത്ത് മിനിറ്റിനുള്ളിൽ സഹായം എത്തുമെന്ന് കൺട്രോൾ റൂം ഉറപ്പുനൽകി. ഉടൻ തന്നെ പൊലീസ് സംഘം സ്ഥലത്തെത്തി. അവിടെ എത്തിയപ്പോഴാണ് കൺട്രോൾ റൂമിലേക്ക് വിളിച്ച പെൺകുട്ടി ആഗ്ര അസിസ്റ്റന്റ് പൊലീസ് കമിഷണർ സുകന്യ ശർമ്മയായിരുന്നുവെന്ന് മനസിലായത്. രാത്രി നഗരത്തിൽ സ്ത്രീകളുടെ സുരക്ഷാ എത്രത്തോളമുണ്ടെന്ന് കണ്ടെത്താനായി എസിപി സുകന്യ ശര്‍മ വേഷം മാറി പരിശോധനയ്ക്ക് ഇറങ്ങിയതായിരുന്നു. വിനോദസഞ്ചാരിയായ താന്‍ വിജനമായ റോഡില്‍ ഒറ്റയ്ക്ക് നില്‍ക്കുകയാണെന്നും ഭയം തോന്നുന്നുണ്ടെന്നുമാണ് എസിപി പറഞ്ഞത്. പൊലീസിന്റെ സഹായം വേണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് ഫോണ്‍ അറ്റൻഡ് ചെയ്ത പൊലീസുകാരൻ യുവതി നില്‍ക്കുന്ന സ്ഥലം എവിടെയാണെന്ന് ചോദിച്ചു മനസിലാക്കി ഉടന്‍ സഹായത്തിന് പൊലീസെത്തുമെന്നും അറിയിച്ചു. പിന്നാലെ എസിപിക്ക് വനിതാ പൊലീസിന്റെ പട്രോളിങ് സംഘത്തില്‍നിന്നും വിളിയെത്തി. ഭയപ്പെടേണ്ടെന്നും പൊലീസ് വന്നുകൊണ്ടിരിക്കുകയാണെന്നും അറിയിച്ചു. ഇതോടെ താന്‍ എസിപിയാണെവ്യക്തമാക്കിയ അവർ പൊലീസുകാരെ അഭിനന്ദിക്കാനും മറന്നില്ല.