Site iconSite icon Janayugom Online

ആൾക്കൂട്ട വിചാരണയെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം; മൂന്ന് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ

ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്ന് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ. പറമ്പായി സ്വദേശികളായ എം സി മൻസിലിൽ വി സി മുബഷീർ(28), കണിയാന്റെ വളപ്പിൽ കെ എ ഫൈസൽ (34), കൂടത്താൻ കണ്ടി ഹൗസിൽ വി കെ റഫിസാൻ (24) എന്നിവരെയാണ് പിണറായി പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ചയാണ് റസീന മൻസിലിൽ റസീനയെ (40) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പിൽ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. റസീനയുടെ കുടുംബം പിണറായി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും ഇൻസ്പെക്ടർ എൻ അജീഷ് കുമാർ പറഞ്ഞു. 

ഞായറാഴ്ച വൈകീട്ട് മൂന്നോടെ കായലോട് അച്ചങ്കര പള്ളിക്കു സമീപം കാറിനരികിൽ റസീന സുഹൃത്തിനോട് സംസാരിച്ച് നിൽക്കുന്നത് ഒരുസംഘം ചോദ്യം ചെയ്തു. യുവതിയെ വീട്ടിലേക്ക് തിരിച്ചയച്ച ശേഷം മയ്യിൽ സ്വദേശിയായ സുഹൃത്തിനെ കയ്യേറ്റം ചെയ്ത് സമീപത്തുള്ള മൈതാനത്തെത്തിച്ചു. അഞ്ചുമണിക്കൂറോളം യുവാവിനെ കൂട്ടവിചാരണ നടത്തിയ സംഘം മൊബൈൽ ഫോണും ടാബും പിടിച്ചെടുത്ത് 8.30ഓടെ പറമ്പായിലെ എസ്ഡിപിഐ ഓഫീസിലെത്തിച്ചു. ഇരുവരുടേയും ബന്ധുക്കളെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയശേഷം രാത്രി വൈകിയാണ് യുവാവിനെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചത്. യുവാവിന്റെ കയ്യിൽ നിന്ന് പിടിച്ചെടുത്ത ടാബും മൊബൈൽ ഫോണും വിട്ടുനൽകാൻ അക്രമിസംഘം തയ്യാറായില്ല. അറസ്റ്റിലായ പ്രതികളിൽ നിന്ന് പൊലീസ് പിന്നീട് ഇവ രണ്ടും കണ്ടെത്തി. സബ് ഇൻസ്പെക്ടർ ബി എസ് ബാവിഷിനാണ് അന്വേഷണച്ചുമതല. അറസ്റ്റിലായ പ്രതികളെ തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത് തലശ്ശേരി സബ് ജയിലിലാക്കി. റസീന സുഹൃത്തായ യുവാവിനൊപ്പം കാറിൽ സഞ്ചരിച്ചതും സംസാരിച്ചതും പ്രതികൾ ചോദ്യം ചെയ്തതാണ് ആത്മഹത്യയ്ക്ക് വഴിവച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. റസീനയുടെ സുഹൃത്തിനെ പ്രതികൾ മാറ്റിനിർത്തി വിചാരണം ചെയ്യുകയും മർദിച്ചെന്നും ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാകുന്നുണ്ട്. മൂന്നുപേരുടേയും ചോദ്യം ചെയ്യലിൽ തനിക്കുണ്ടായ മനോവിഷയം റസീന കൃത്യമായി ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്. 

Exit mobile version