ആദ്യകാല ഇന്ത്യൻ ശാസ്ത്രജ്ഞന്മാരെല്ലാം സ്വാതന്ത്ര്യസമരത്തോട് അനുഭാവം പുലർത്തിയിരുന്നവരാണ്. പക്ഷെ അവരൊന്നും സ്വാതന്ത്ര്യസമരത്തിൽ നേരിട്ട് പങ്കെടുത്തവരല്ല. ലോകത്തെല്ലായിടത്തും ഇത് തന്നെയാണ് സ്ഥിതി. ജനങ്ങളുടെ വിമോചനസമരങ്ങളോട് മിക്ക ശാസ്ത്രജ്ഞന്മാരും കൂറ് പുലർത്തിപ്പോന്നു. പക്ഷെ ഇതിൽ തികച്ചും വ്യത്യസ്തനായ ഇന്ത്യൻ ശാസ്ത്രജ്ഞനാണ് മേഘനാഥ് സാഹ. അദ്ദേഹം രാഷ്ട്രീയക്കാരൻ തന്നെയായിരുന്നു.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുകയും ചെയ്തു. 1905ലെ ബംഗാൾ വിഭജനത്തിനെതിരെ പ്രതിഷേധിച്ചതിന് കോളജിൽ നിന്നും സാഹയെ പുറത്താക്കി. വളരെ ദരിദ്ര കുടുംബത്തിൽ 1893 ഒക്ടോബർ ആറിന് ജനിച്ച അദ്ദേഹം ജാതിവ്യവസ്ഥയോടും ദാരിദ്ര്യത്തോടും പടവെട്ടി മുന്നേറി. ലോകത്തിലെ ആഗോള ഭൗമശാസ്ത്രജ്ഞരുടെ മുന്നണിയിൽ എത്തുക എന്നത് അത്ര ചെറിയ കാര്യമായിരുന്നില്ല. വർണരാജി വിശകലനം ചെയ്ത് സൂര്യൻ അടക്കമുള്ള നക്ഷത്രങ്ങളുടെ ആന്തരികഘടന മനസിലാക്കാൻ സാഹയ്ക്ക് കഴിഞ്ഞു. അയണീകരണം നിശ്ചിതപരിധി പിന്നിട്ടാൽ ഒരു വാതകം തന്നെ വർണരാജിയിൽ ഉണ്ടാക്കുക വ്യത്യസ്ത രേഖകളായിരിക്കും. കാന്തിക ഏകധ്രുവങ്ങളുടെ ധ്രുവീയശക്തി കണക്കാക്കുന്നതിനുള്ള പോൾ ഡിരാക് ‑സാഹ സൂത്രവാക്യം പില്ക്കാലത്ത് വിഖ്യാതമായി. ജർമ്മനിയിൽ വച്ച് ഐൻസ്റ്റീനുമായും മാക്സ്പ്ലാങ്കുമായും സാഹ കൂടിക്കാഴ്ച നടത്തിരുന്നു. ദീർഘകാലം കൽക്കട്ട, അലഹബാദ് യൂണിവേഴ്സിറ്റികളിൽ അധ്യാപകനായിരുന്നു.
അണുശക്തി മേഖലയിൽ ഇന്ത്യ നടത്തിയ കുതിപ്പിൽ സാഹ നൽകിയ സംഭാവന വിലമതിക്കാനാവാത്തതാണ്. ഇന്ത്യയിൽ അണുശക്തി ഗവേഷണത്തിന് തുടക്കമിട്ടത് മേഘനാഥ് സാഹയാണെന്ന് പറയാം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ സയൻസ് സ്ഥാപിച്ചതും ഇദ്ദേഹമാണ്. അടിയുറച്ച യുക്തിവാദി ആയിരുന്ന സാഹ ഇടത് രാഷ്ട്രീയത്തോടാണ് അനുഭാവം പുലർത്തിയിരുന്നത്. ശാസ്ത്രജ്ഞർക്ക് രാഷ്ട്രീയം ഉണ്ടാകണമെന്ന് വാദിച്ച അപൂർവ വ്യക്തിയായിരുന്നു സാഹ.
1952ലെ ഒന്നാം പാർലമെന്റ് തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് സാഹ ലോക്‌സഭയിലെത്തി. ശാസ്ത്രത്തിന് വേണ്ടി സഭയിൽ അദ്ദേഹം വീറോടെ സംസാരിച്ചു. അന്ധവിശ്വാസങ്ങൾക്കെതിരെ നിയമംകൊണ്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 1956 ഫെബ്രുവരി 16ന് അന്തരിച്ചു. ഇന്നത്തെ ബംഗ്ലാദേശില്‍ ഉൾപ്പെട്ട ശിവതാരളി ഗ്രാമമാണ് ജന്മസ്ഥലം.