Site iconSite icon Janayugom Online

മന്ത്രി ശിവന്‍കുട്ടിക്കെതിരെ പ്രതിപക്ഷ നേതാവിന്റെ അധിക്ഷേപ വര്‍ഷം

മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അധിക്ഷേപ വര്‍ഷം. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന പരിപാടിയിലാണ് വി ഡി സതീശന്‍ സ്വന്തം പദവി പോലും മറന്ന് തരംതാണ പരാമര്‍ശങ്ങള്‍ നടത്തിയത്. ശബരിമല സ്വര്‍ണക്കൊള്ളയിലെ പ്രതികളുമായുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പങ്ക് ചൂണ്ടിക്കാട്ടിയതാണ് സതീശനെ പ്രകോപിപ്പിച്ചത്.
” മന്ത്രി ശിവന്‍കുട്ടി നിയമസഭയില്‍ പറയുകയാണ്, സോണിയാഗാന്ധിയുടെ വീട് റെയ്ഡ് ചെയ്യണം, സ്വര്‍ണം അവിടെയുണ്ട്. ഇത്രയും വിവരദോഷികളെ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഒരു മന്ത്രിസഭ കേരളത്തിന്റെ ചരിത്രത്തിലില്ല. ഇവനെപ്പോലെയുള്ള ആളുകള്‍ മന്ത്രിമാരായിരിക്കാന്‍ യോഗ്യരാണോ. അസംബന്ധം പറയുകയാണ് നിയമസഭയില്‍ കേറി നിന്ന്. എന്നിട്ട് നിയമസഭയില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ക്ലാസെടുക്കുകയാണ്. മറ്റേ അണ്ടര്‍ വെയര്‍ പുറത്തുകാണിച്ച് മുണ്ട് മടക്കിക്കുത്തി സഭയുടെ ഡെസ്കിന്റെ മുകളില്‍ കയറിനിന്ന് ഈ സാധനം മുഴുവന്‍ തല്ലിപ്പൊളിച്ച ഒരുത്തനാണ്. ഓന്റത് പോലെ മറ്റത് കാണിച്ചിട്ട് വേണം ചെയ്യാന്‍.. നാണമുണ്ടോ.. വാര്‍ത്ത വരുമെന്ന് കണ്ടാല്‍ എന്ത് വിഡ്ഢിത്തവും വായിന്ന് വരും. ഞാന്‍ പിള്ളേരേയോര്‍ത്ത് സങ്കടപ്പെടുകയാണ്. ഹോ.. ഇവനൊക്കെ വിദ്യാഭ്യാസമന്ത്രിയായിരിക്കുമ്പോള്‍ സ്കൂളില്‍ പഠിക്കേണ്ട സ്ഥിതി നമ്മുടെ പിള്ളേര്‍ക്ക് ഉണ്ടായല്ലോ. കഷ്ടം എന്നല്ലാതെ എന്താ പറയുക. എക്സൈസ് വകുപ്പ് കൊടുത്താല്‍ ബോധമില്ലാതെ പറഞ്ഞതെന്നെ ങ്കിലും വിചാരിക്കാമായിരുന്നു” എന്നൊക്കെയായിരുന്നു പ്രതിപക്ഷനേതാവിന്റെ വാക്കുകള്‍.
വി ഡി സതീശന്റെ തരംതാണ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടി രംഗത്തെത്തി. ആരെയും എന്തും പറയുന്ന സ്വഭാവക്കാരനാണ് വി ഡി സതീശനെന്ന് കേരളത്തിനറിയാവുന്ന കാര്യമാണ്. പ്രമുഖ സമുദായ സംഘടനക്കാരെ, സ്വന്തം അച്ഛന്റെ പ്രായമുള്ളവരെപ്പോലും വളരെ ധിക്കാരത്തോടെയും അധിക്ഷേപത്തോടുകൂടിയുമുള്ള പെരുമാറ്റവും പദപ്രയോഗങ്ങളുമാണ് പ്രതിപക്ഷനേതാവ് നടത്താറുള്ളത്. മുഖ്യമന്ത്രിക്കെതിരെപോലും വളരെ മോശം വാക്കുകള്‍ ഉപയോഗിക്കാറുണ്ടെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
എന്നെ സംഘ്പരിവാറുമായി കൂട്ടിക്കെട്ടാൻ വി ഡി സതീശൻ ബോധപൂർവമായി ശ്രമിക്കുന്നുണ്ട്. ബിജെപിയുടെ അക്കൗണ്ട് നേമത്ത് എൽഡിഎഫ് പൂട്ടിച്ചപ്പോൾ ആരായിരുന്നു സ്ഥാനാർത്ഥി എന്ന് സതീശൻ ഓർക്കണം. ആ വേല കൈയ്യിലിരുന്നാൽ മതി.
ഗോൾവാൾക്കറുടെ ചിത്രത്തിനു മുമ്പിൽ നട്ടെല്ലു വളച്ച ആളിന്റെ പേര് ശിവൻകുട്ടി എന്നല്ല അത് വി ഡി സതീശൻ എന്നാണ്. വിനായക് ദാമോദർ സതീശൻ എന്നാണ് സോഷ്യൽ മീഡിയയിൽ അതിനുശേഷം ഇദ്ദേഹത്തിന്റെ പേര്. ശബരിമല സ്വർണക്കേസുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിയെ കുറിച്ചുള്ള വാർത്തകൾ വന്നത് ഞാൻ പറഞ്ഞിട്ടല്ല. ഇതു സംബന്ധിച്ച് പൊതുമണ്ഡലത്തിൽ നിരവധി കാര്യങ്ങൾ ഉണ്ടെന്ന് മന്ത്രി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി. 

Exit mobile version