Site iconSite icon Janayugom Online

അതിജീവനത്തിന്റെ ഒരാണ്ട്; ചൂരല്‍മല ടൗൺഷിപ്പിൽ 410 വീടുകൾ ; മാതൃകാ വീട് പൂർത്തിയാകുന്നു

ഉരുൾ വിഴുങ്ങിയ മുണ്ടക്കൈ-ചൂരൽമല ദുരന്തം നാടിനെ കണ്ണീരിലാഴ്ത്തിയിട്ട് ഒരാണ്ട്. ദുരന്തത്തെ മറികടക്കാനുള്ള കേരളത്തിന്റെ പരിശ്രമങ്ങള്‍ക്കും ഒരു വർഷം തികയുന്നു. ജൂലൈ 29ന് രാത്രി 11.45 ഓടെയാണ് പുഞ്ചിരിമട്ടം മേഖലയിൽ ആദ്യ മണ്ണിടിച്ചിലുണ്ടായത്. അർധരാത്രി 12നും ഒന്നിനും ഇടയിൽ പുഞ്ചിരിമട്ടം-അട്ടമല‑മുണ്ടക്കൈ-ചൂരൽമല മേഖലയിൽ അതിഭയാനകമായി നാശംവിതച്ച് ഉരുൾ അവശിഷ്ടങ്ങൾ ഒഴുകിയെത്തി. പ്രദേശവാസികളിൽ നിന്നും കളക്ടറേറ്റിലെ അടിയന്തരകാര്യ നിർവഹണ ഓഫിസിലേക്ക് ജൂലൈ 30ന് പുലർച്ചയോടെ മേഖലയിൽ നിന്നും ആദ്യ വിളിയെത്തി. തുടർന്ന് ദുരന്തനിവാരണ പ്രവർത്തനങ്ങൾ ആരംഭിക്കുകയായിരുന്നു. കേരളം ഒറ്റക്കെട്ടായി കൈകോര്‍ത്ത രക്ഷാപ്രവര്‍ത്തനങ്ങളും പുനരധിവാസവും ലോകത്തിന് തന്നെ മാതൃകയായി. 

എല്ലാം നഷ്ടമായ ഒരുകൂട്ടം ജനതയുടെ അതിജീവന സ്വപ്നമായി എൽസ്റ്റൺ എസ്റ്റേറ്റിൽ തയ്യാറാകുന്ന പുനരധിവാസ ടൗൺഷിപ്പ് നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണ്. 410 വീടുകളിലായി 1662ലധികം ആളുകൾക്കാണ് തണലൊരുങ്ങുന്നത്. മാർച്ച് 27ന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടു. അഞ്ച് സോണുകളിലായി 410 വീടുകളാണുള്ളത്. ആദ്യ സോണിൽ 140, രണ്ടിൽ 51, മൂന്നിൽ 55, നാലിൽ 51, അഞ്ചാം സോണിൽ 113 എന്നിങ്ങനെയാണ് വീടുകള്‍. വീട് വച്ച് കൊടുക്കുക എന്ന കേവല പുനരധിവാസ പ്രക്രിയയിൽ ഒതുങ്ങുന്നതല്ല സർക്കാർ ഇടപെടലുകൾ. നഷ്ടപ്പെട്ട തൊഴിൽ, ജീവനോപാധികൾ എല്ലാം തിരിച്ചുപിടിക്കുന്നതിനായി ദുരന്തബാധിതർക്കൊപ്പം നിലകൊള്ളുകയാണ്. ദുരന്തത്തിനിരയായ കുട്ടികള്‍ക്ക് മാനസികപിന്തുണ നല്‍കുന്നതിനുള്ള പദ്ധതി ഐക്യരാഷ്ട്ര സഭയുടെ വരെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു. 

Exit mobile version