Site iconSite icon Janayugom Online

മദ്യപിച്ച് തിരുപ്പതി ക്ഷേത്രത്തിന്റെ ഗോപുരത്തിന് മുകളിൽ കയറി യുവാവ്

തിരുപ്പതി ക്ഷേത്രത്തിൽ മദ്യപിച്ചെത്തിയ യുവാവ് ഗോപുരത്തിന് മുകളിൽ കയറി പരിഭ്രാന്തി പരത്തി. തെലങ്കാനയിലെ നിസാമാബാദ് സ്വദേശിയായ കുടിതി തിരുപ്പതിയാണ് ശനിയാഴ്ച പുലർച്ചെ ക്ഷേത്ര ഗോപുരത്തിന് മുകളിൽ കയറി മൂന്ന് മണിക്കൂറോളം നാടകീയ രംഗങ്ങൾ അരങ്ങേറിയത്. 

ക്ഷേത്രത്തിന്റെ മതിൽ ചാടിക്കടന്ന യുവാവ് ഉള്ളിലെ തടി തൂണുകൾ വഴി ഗോപുരത്തിന് മുകളിൽ കയറുകയായിരുന്നു. ഗോപുരത്തിന് മുകളിലെ വിശുദ്ധ കലശങ്ങൾ ഇയാൾ വലിച്ചൂരി മാറ്റാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ക്ഷേത്ര അധികൃതരും സുരക്ഷാ ജീവനക്കാരും വിവരം അറിയുന്നത്.

പൊലീസിനെയും അഗ്നിശമന സേനയെയും വിവരമറിയിച്ചു. മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ കയറുകളും ഏണികളും ഉപയോഗിച്ചാണ് ഇയാളെ താഴെയിറക്കിയത്. യുവാവിന്റെ പരാക്രമത്തിനിടയിൽ ഗോപുരത്തിലെ രണ്ട് കലശങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ഇയാളെ തിരുപ്പതി ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. ക്ഷേത്ര പരിസരത്ത് അതീവ സുരക്ഷയാണുള്ളത് എന്നാല്‍ ഇയാൾ എങ്ങനെ മതിൽ ചാടി അകത്തുകയറി എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തെത്തുടർന്ന് ക്ഷേത്രത്തിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് ഭക്തർക്കിടയിൽ വലിയ ആശങ്ക ഉയർന്നിട്ടുണ്ട്.

Exit mobile version