Site iconSite icon Janayugom Online

ഒഴുക്കിൽപ്പെട്ട ഭാര്യയെ രക്ഷിക്കാൻ നദിയിൽ ചാടി; യുവാവ് മുങ്ങി മരിച്ചു

പത്തനംതിട്ട മാലക്കരയില്‍ ഒഴുക്കില്‍പ്പെട്ട ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ജീവനക്കാരനായ വിഷ്ണു ഭാസ്കറാണ്(42) മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെ മാലക്കര പള്ളിയോടക്കടവിലാണ് സംഭവം. ആറന്മുള വള്ളസദ്യയില്‍ പങ്കെടുത്തശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. 

വിഷ്ണുവും ഭാര്യ രേഖയും മകനും ഉൾപ്പെടെയുള്ള കുടുംബം പുഴയിൽ കുളിക്കാനിറങ്ങവേ രേഖയും മറ്റു രണ്ട് പേരും ഒഴുക്കിൽപ്പെട്ടു. ഇതിൽ മകനായ അദ്വൈതിനെ വിഷ്ണു രക്ഷപ്പെടുത്തി. എന്നാൽ, മുങ്ങിത്താഴ്ന്ന രേഖയെ രക്ഷിക്കുന്നതിനായി വിഷ്ണു നദിയിലേക്ക് ചാടി. എന്നാല്‍ ശക്തമായ ഒഴുക്കിൽപ്പെട്ട വിഷ്ണുവിനെ കാണാതാകുകയായിരുന്നു. സമീപത്ത് ഉണ്ടായിരുന്ന മറ്റു ബന്ധുക്കൾ രേഖയെ രക്ഷപ്പെടുത്തി. തുടർന്ന് പൊലീസും അഗ്നിരക്ഷാസേനയും സംയുക്തമായി നടത്തിയ തിരച്ചിലിൽ 20 മീറ്റർ താഴെ നിന്നാണ് വിഷ്ണുവിന്റെ മൃതദേഹം കണ്ടെടുത്തത്.

Exit mobile version