Site iconSite icon Janayugom Online

ഒരേ സമയം രണ്ടു യുവതികളെ വിവാഹം ചെയ്ത് യുവാവ്; വിവാഹ വീഡിയോ വൈറൽ

ഒരേ ചടങ്ങിൽ പ്രണയിനികളെ വിവാഹം കഴിച്ച് യുവാവ്. തെലങ്കാനയിലെ കൊമരം ഭീം ആസിഫാബാദ് ജില്ലയിലാണ് സംഭവം. ലിംഗാപുർ മണ്ഡലിലെ ഗുംനൂർ സ്വദേശിയായ സൂര്യദേവാണ് ആഘോഷപൂർവം നടന്ന വിവാഹ ചടങ്ങിൽ രണ്ടു യുവതികളെയും ഒരേ സമയം വിവാഹം കഴിച്ചത്. ലാൽ ദേവി, ഝൽകാരി ദേവി എന്നീ യുവതികളുമായി സൂര്യദേവ് പ്രണയത്തിലായിരുന്നു. ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചതോടെയാണ് രണ്ടുപേരെയും വിവാഹം ചെയ്തത്. രണ്ടു യുവതികളുടെയും പേരുകൾ ഒരു ക്ഷണക്കത്തിലാണ് അച്ചടിച്ചിരുന്നത്. 

വിവാഹത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. യുവതികളുടെ കൈപിടിച്ചു നിൽക്കുന്ന സൂര്യദേവിന്‍റെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വിവാഹ ചടങ്ങുകൾ നടക്കുന്നതിന്‍റെയും ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നു. ഗ്രാമത്തിലുള്ളവർ തുടക്കത്തിൽ വിവാഹത്തിന് എതിരായിരുന്നെങ്കിലും പിന്നീട് സമ്മതം നല്‍കുകയായിരുന്നു.

അതേസമയം, ഹിന്ദു വിവാഹ നിയമപ്രകാരം ഇന്ത്യയിൽ ബഹുഭാര്യത്വം നിയമലംഘനമാണ്. ഇത് ആദ്യമായല്ല ഒരു ചടങ്ങിൽ യുവാവ് രണ്ടുപേരെ വിവാഹം ചെയ്യുന്നത്. 2021ൽ തെലങ്കാനയിലെ ആദിലാബാദിൽ യുവാവ് ഒരു മണ്ഡപത്തിൽ രണ്ടു യുവതികളെ വിവാഹം കഴിച്ചിരുന്നു. മൂന്നു കുടുംബങ്ങളുടെയും സമ്മതത്തോടെയാണ് ഉത്നൂർ മണ്ഡലിൽ വിവാഹം ചെയ്തത്. 2022ൽ ഝാർഖണ്ഡിലെ ലോഹർദാഗയിലും യുവാവ് ഒരേ സമയം രണ്ടുയുവതികളെ വിവാഹം ചെയ്തിരുന്നു.

Exit mobile version