Site iconSite icon Janayugom Online

അരക്കിലോ എംഡിഎംഎയും രണ്ടേകാൽ ലക്ഷം രൂപയുമായി യുവാവ് പിടിയിൽ

വാടക വീട്ടിൽ നടത്തിയ റെയ്ഡിൽ 500 ഗ്രാം എംഡിഎംഎയും രണ്ടേകാൽ ലക്ഷം രൂപയുമായി യുവാവ് എക്സൈസ് പിടിയില്‍. ചേലേമ്പ്ര പൈങ്ങോട്ടൂർ ചാത്തൻകാവ് ചോലയിൽ ചെട്ടിയാട്ടിൽ വീട്ടിൽ സി സി ഹാഷിഖാണ് അറസ്റ്റിലായത്. കുടുംബത്തോടൊപ്പം പ്രതി താമസിക്കുന്ന ചേലേമ്പ്ര ചേലൂപാടത്തുള്ള വാടക വീട്ടിൽ നടത്തിയ പരിശോധനയിൽ പ്രതിയുടെ രണ്ട് കാറുകളിൽ നിന്നും വീടിന്റെ കോണിപ്പടിയിലെ ഇരുമ്പ് അലമാരയിൽനിന്നുമായി 525.153 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. മയക്കുമരുന്ന് വിറ്റ് ലഭിച്ചതെന്ന് കരുതുന്ന 2, 25, 840 രൂപയും കണ്ടെത്തി. മൂന്ന് മൊബൈൽ ഫോണുകളും എംഡിഎംഎ തൂക്കാനുള്ള ഡിജിറ്റൽ ത്രാസും പിടിച്ചെടുത്തു.

മലപ്പുറം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറായ എൻ നൗഫൽ, മലപ്പുറം ഇഐ ആൻഡ് ഐബി എക്സൈസ് ഇൻസ്പെക്ടറും ഉത്തരമേഖലാ കമീഷണർ സ്ക്വാഡ് അംഗവുമായ ടി ഷിജുമോൻ എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ്‌ പ്രതിയെ പിടികൂടിയത്. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

Exit mobile version