Site iconSite icon Janayugom Online

തൃശൂരിൽ മരിച്ച യുവാവിന് മങ്കിപോക്സ് സ്ഥിരീകരിച്ചു

തൃശൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച മരിച്ച യുവാവിന് മങ്കി പോക്സ് സ്ഥിരീകരിച്ചു. വിദേശത്തായിരുന്ന യുവാവ് അവിടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പരിശോധനാഫലം മരണശേഷം വീട്ടുകാരാണ് തൃശൂരിലെ ആശുപത്രിക്ക് കൈമാറിയത്. ഗുരുവായൂർ കുരിഞ്ഞിയൂർ സ്വദേശി ആയ 22 കാരൻ ഈ മാസം 21നാണ് വിദേശത്ത് നിന്ന് എത്തിയത്. പിന്നീട് അസുഖത്തെ തുടർന്ന് 27ന് തൃശൂരിലെ സ്വകാര്യാശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ആരോഗ്യനില ഏറെ വഷളായിരുന്നുവെങ്കിലും ശരീരത്തിൽ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. മരണത്തെ തുടർന്ന് ഇയാളുടെ ശരീര സ്രവം ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്.
മരണകാരണം മങ്കി പോക്സ് എന്ന് വ്യക്തമായതിനാൽ ജാഗ്രതയുമായി ആരോഗ്യ വകുപ്പ് രംഗത്തുണ്ട്. മെഡിക്കൽ സംഘം യുവാവിൻ്റെ റൂട്ട് മാപ്പ് തയ്യാറാക്കി. സമ്പർക്ക പട്ടികയിൽ ഉള്ളവർ നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശം നൽകി. പൊലീസിന്റെയും ആരോഗ്യവകുപ്പിന്റെയും മേൽനോട്ടത്തിൽ മൃതദേഹം സംസ്ക്കരിച്ചു. 

Eng­lish Sum­ma­ry: A young man who died in Thris­sur was diag­nosed with monkeypox

You may like this video also

Exit mobile version