Site iconSite icon Janayugom Online

കണ്ണൂരില്‍ പൊലീസ് ഉദ്യോഗസ്ഥയെ ഇടിച്ചിട്ട്‌പോയ യുവാവിന് തോക്ക് തട്ടി തലക്ക് പരിക്ക്; ചികിത്സക്കെത്തിയ പ്രതി പിടിയില്‍

കണ്ണൂരില്‍ പൊലീസ് പരേഡ് ഗ്രൗണ്ടിന് മുന്നില്‍ പൊലീസ് ഉദ്യോഗസ്ഥയെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ ബൈക്ക് യാത്രികന്‍ പിടിയില്‍. കണ്ണൂര്‍ താഴെചൊവ്വ സ്വദേശി സല്‍മാനുല്‍ ഫാരിസ് ആണ് അറസ്റ്റിലായത്. അപകടത്തിനിടെ പൊലീസുകാരിയുടെ തോക്ക് തട്ടി തലക്ക് പരിക്കേറ്റ സല്‍മാന്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇവിടെവെച്ചാണ് പൊലീസ് പിടികൂടിയത്.

കൊളവല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥ ജിന്‍സിക്കാണ് പരിക്കേറ്റത്. സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന ഇവരെ അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ചിടുകയായിരുന്നു. ആളുകള്‍ നോക്കി നില്‍ക്കെയായിരുന്നു അപകടം. സ്വാതന്ത്ര്യദിന പരേഡിന്റെ റിഹേഴ്‌സലിനായാണ് ജിന്‍സി കണ്ണൂര്‍ പൊലീസ് മൈതാനിയിലെത്തിയത്. തുടര്‍ന്ന് സഹപ്രവര്‍ത്തകരോടൊപ്പം റോഡ് മുറിച്ച് കടക്കവേയാണ് ബൈക്കിടിച്ചത്. സാരമായി പരിക്കേറ്റ ഇവര്‍ ചികിത്സയിലാണ്.

നിര്‍ത്താതെ പോയ ബൈക്കിന്റെ ദൃശ്യങ്ങള്‍ പൊലീസ് സിസിടിവിയില്‍ നിന്ന് ശേഖരിച്ചിരുന്നു. വാഹന നമ്പര്‍ കണ്ടെത്തി അന്വേഷണം നടത്തുന്നതിനിടെയാണ് യുവാവ് ചികിത്സയിലുള്ള വിവരം അറിഞ്ഞത്. പരേഡ് കഴിഞ്ഞ് പോകുന്ന ജിന്‍സിയുടെ കൈയിലുണ്ടായിരുന്ന തോക്കിന്റെ ഭാഗം ദേഹത്ത് തട്ടി പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു.

Eng­lish sum­ma­ry; A young man who hit a police offi­cer in Kan­nur suf­fered a wound to his head; The accused was arrest­ed after receiv­ing treatment

You may also like this video;

Exit mobile version