കെ എസ് ആര്‍ ടി സി ബസില്‍ എം ഡി എം എ കടത്തുന്നതിനിടെ എക്സൈസ് അറസ്റ്റുചെയ്ത യുവാവിനെ കോടതി 10 വര്‍ഷത്തെ തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ചട്ടഞ്ചാല്‍ തെക്കിലിലെ ടി കെ മുഹമ്മദ് ആഷിഖിനെയാണ് (27) കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ്(രണ്ട്) കോടതി ജഡ്ജി കെ പ്രിയ ശിക്ഷിച്ചത്. 2022 ഒക്ടോബറില്‍ 21‑ന് മഞ്ചേശ്വരം എക്സൈസ് ചെക്ക്പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് മുഹമ്മദ് ആഷിഖിന്റെ ബാഗില്‍ സൂക്ഷിച്ച 54 ഗ്രാം എം ഡി എം എ പിടികൂടിയത്. ബംഗളൂരുവില്‍ നിന്നും കെ എസ് ആര്‍ ടി സി ബസില്‍ കാസര്‍കോട്ടേക്കുള്ള യാത്രയ്ക്കിടെയാണ് ഇയാള്‍ പിടിയിലായത്.
അന്ന് എക്സൈസ് മഞ്ചേശ്വരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന കെ കെ ഷിജില്‍ കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കേസിന്റെ പ്രാഥമികാന്വേഷണം നടത്തിയത് കാസര്‍കോട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറായിരുന്ന എസ് കൃഷ്ണകുമാറായിരുന്നു. തുടര്‍ന്ന് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് പിന്നീട് ചുമതലയേറ്റ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറായിരുന്ന ജോയ് ജോസഫാണ്. പ്രോസിക്യൂഷന് വേണ്ടി ജി ചന്ദ്രമോഹന്‍, എം ചിത്രകല എന്നിവര്‍ ഹാജരായി.