Site iconSite icon Janayugom Online

ഓടുന്ന വാഹനത്തിൽ യുവതിയെ പീഡിപ്പിച്ച് റോഡിലേക്ക് വലിച്ചെറിഞ്ഞു; മുഖത്ത് ആഴത്തിൽ മുറിവ്

അമ്മയോടു പിണങ്ങി രാത്രി വീട്ടിൽ നിന്നും ഇറങ്ങിയ യുവതിയെ ലിഫ്റ്റ് വാഗ്ദാനം ചെയ്തു ഓടുന്ന വാഹനത്തിൽ വച്ച് പീഡിപ്പിച്ച രണ്ടുപേർ പിടിയിലായി. തിങ്കളാഴ്ച രാത്രിയാണ് ഫരീദാബാദിൽ 25കാരി ക്രൂരമായ പീഡനത്തിനു ഇരയായത്. മൂന്നുമണിക്കൂറോളം വാഹനത്തിൽ പീഡനത്തിനു ഇരയായ യുവതിയെ പ്രതികൾ ആളൊഴിഞ്ഞ സ്ഥലത്തു വലിച്ചെറിഞ്ഞത്. വീഴ്ചയിൽ യുവതിയുടെ മുഖത്തിന് ആഴത്തിൽ മുറിവേറ്റു.

തിങ്കളാഴ്ച രാത്രി 8.30 ഓടെയാണ് യുവതി ഫരീദാബാദിലെ വീട് വിട്ടിറങ്ങുകയായിരുന്നു. അമ്മയുമായി വഴക്കിട്ട ശേഷം സുഹൃത്തിനെ കാണാൻ വേണ്ടിയാണ് പുറത്തേക്ക് പോയത്. എന്നാൽ റോഡിൽ വാഹനങ്ങൾ ലഭിക്കാതായതോടെ യാത്ര വൈകി. തുടർന്ന് അർധരാത്രിയോടെ അതുവഴി വന്ന വാനിലുള്ളവർ പെൺകുട്ടിക്ക് ലിഫ്റ്റ് നൽകി. രണ്ടു പുരുഷൻമാരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. യുവതിയെ വാഹനത്തിൽ കയറ്റിയ ശേഷം വഴിമാറ്റി ഗുഡ്ഗാവ്-ഫരീദാബാദ് റോഡിലേക്ക് വാഹനം ഓടിച്ച പ്രതികൾ പെൺകുട്ടിയെ മണിക്കൂറുകളോളം പീഡിപ്പിക്കുകയായിരുന്നു.

ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെ പ്രതികൾ യുവതിയെ എസ്ജിഎം നഗറിനു സമീപം ആളൊഴിഞ്ഞ ഇടത്തേക്ക് വലിച്ചെറിഞ്ഞു. കടുത്ത തണുപ്പിൽ ഒറ്റപ്പെട്ട പെൺകുട്ടി സഹോദരിയെ സഹായത്തിനു വിളിക്കുകയും ബന്ധുക്കളെത്തി ആശുപത്രിയിലാക്കിയത്. തുടർന്നു കുടുംബം കോട്‌വാലി പൊലീസ് സ്റ്റേഷനിലെത്തി പരാതി റജിസ്റ്റർ ചെയ്തു. പൊലീസ് അന്വേഷണത്തിൽ ചൊവ്വാഴ്ച രണ്ടു പ്രതികളെയും പിടികൂടി. വീഴ്ചയിൽ പരിക്കേറ്റ യുവതിയുടെ മുഖത്ത് 12 തുന്നലുകളുണ്ട്. യുവതി ഇപ്പോൾ ഫരീദാബാദിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

Exit mobile version