തൃശൂർ: രാജ്യത്തിന്റെ വീരപുത്രൻ ഇനിയോർമ്മ. കുനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച വ്യോമസേന ജൂനിയർ വാറന്റ് ഓഫീസർ എ പ്രദീപിന് നാടിന്റെ അന്ത്യാഞ്ജലി. മതപരമായ ചടങ്ങുകൾക്കും ഔദ്യോഗിക ബഹുമതികൾക്കും ശേഷം വെെകിട്ട് 5.50 ഓടെ വീട്ടുവളപ്പിലൊരുക്കിയ ചിതയ്ക്ക് മകൻ എട്ട് വയസുകാരൻ ദക്ഷിൺ ദേവും സഹോദരൻ പ്രസാദും ചേർന്ന് തീകൊളുത്തി. പ്രദീപ് പഠിച്ച പുത്തൂരിലെ ഗവ. ഹയർസെക്കൻഡറി സ്കൂളിലും വീട്ടിലും പൊതുദർശനത്തിന് വച്ച ഭൗതികശരീരത്തിൽ ആയിരങ്ങളാണ് അന്ത്യാഞ്ജലിയർപ്പിച്ചത്.
മൃതദേഹവും വഹിച്ചുകൊണ്ട് സുലൂരിൽനിന്ന് ആരംഭിച്ച വിലാപയാത്രക്ക് വീടെത്തുംവരെ ദേശീയപതാകയും പുഷ്പങ്ങളുമായി അന്ത്യോപചാരമര്‍പ്പിക്കാന്‍ നിരവധിപേർ കാത്തുനിന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന നിരയാണ് മണിക്കൂറുകളോളം വിലാപയാത്രയുടെ വഴിയിൽ കാത്തുനിന്നത്. കേരള പൊലീസും വ്യോമസേനയും നൽകിയ ഔദ്യോഗിക ബഹുമതികൾക്ക് ശേഷം മൃതശരീരം ചിതയിലേക്കെടുത്തു. സംസ്ഥാന സർക്കാരിനുവേണ്ടി മന്ത്രിമാരായ കെ രാജനും കെ രാധാകൃഷ്ണനും പുഷ്പചക്രം സമർപ്പിച്ചു.
രാവിലെയാണ് ഡൽഹിയിൽ നിന്നും പ്രദീപിന്റെ മൃതദേഹം വിമാനമാർഗം സുലൂർ വ്യോമകേന്ദ്രത്തിലെത്തിച്ചത്. കേന്ദ്ര സഹമന്ത്രി വി മുരളീധരനും ടി എൻ പ്രതാപൻ എംപിയും മൃതദേഹത്തെ അനുഗമിച്ചു. സംസ്ഥാന അതിർത്തിയായ വാളയാറിൽ ഉച്ചയ്ക്ക് 12.30 ഓടെ മന്ത്രിമാരായ കെ കൃഷ്ണൻകുട്ടി, കെ രാജൻ, കെ രാധാകൃഷ്ണൻ എന്നിവർ അന്തിമോപചാരം അർപ്പിച്ച് ഭൗതികശരീരം ഏറ്റുവാങ്ങി. ജില്ലാ അതിർത്തിയായ വാണിയമ്പാറയിൽ കളക്ടർ ഹരിത വി കുമാർ മൃതദേഹം ഏറ്റുവാങ്ങി അനുഗമിച്ചു. 2.45 ഓടെ പുത്തൂരിലെത്തിച്ച മൃതദേഹം സേനാംഗങ്ങളും കേരള പൊലീസും പൊതുദർശന വേദിയിലെത്തിച്ചു.
രാവിലെ തന്നെ പുത്തൂർ സ്കൂളിലേക്കും വീട്ടിലേക്കും നൂറുകണക്കിനു പേർ എത്തിക്കൊണ്ടിരുന്നു. 3.45 ഓടെ പൊതുദർശനം പൂർത്തിയാക്കി അലങ്കരിച്ച സൈനിക വാഹനത്തിൽ പൊന്നൂക്കരയിലെ വീട്ടിലേക്ക് തിരിച്ചു. 4.20 ന് വീട്ടിലെത്തിച്ച മൃതശരീരത്തിൽ വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും ആദരാഞ്ജലിയർപ്പിച്ചു. തുടർന്ന് ചടങ്ങുകൾ നിർവഹിച്ചു. ആദ്യം പൊലീസും തുടർന്ന് സൈനികരും ഔദ്യോഗിക ബഹുമതികളർപ്പിച്ചു. വ്യോമസേനയുടെ 70 അംഗ സൈനികരാണ് ഗാർഡ് ഓഫ് ഓണർ നൽകിയത്.
കേന്ദ്ര സർക്കാര്‍ പ്രതിനിധിയായി കേന്ദ്രമന്ത്രി വി മുരളീധരനും സംസ്ഥാന സർക്കാർ പ്രതിനിധികളായി മന്ത്രിമാരായ കെ രാധാകൃഷ്ണൻ, കെ രാജൻ, കെ കൃഷ്ണൻകുട്ടി, ഡോ. ആർ ബിന്ദു എന്നിവരും സൈന്യത്തെ പ്രതിനിധീകരിച്ച് എയർമാർഷൽ ഉപാധ്യായയും സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു.
മന്ത്രി ജി ആർ അനിൽ, എംഎൽഎമാരായ പി ബാലചന്ദ്രൻ, കെ കെ രാമചന്ദ്രൻ, ഷാഫി പറമ്പിൽ, രമ്യ ഹരിദാസ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് തുടങ്ങിയവർ അന്ത്യാഞ്ജലിയർപ്പിക്കാനെത്തിയിരുന്നു.
English summary; AA Pradeep’s body was cremated
You may also like this video;