Site iconSite icon Janayugom Online

ആദഗചക്കോ… ആദാചക്കോ… നിശാഗന്ധിയില്‍ അട്ടപ്പാടിയുടെ ചുവടും വായ്ത്താരിയും

‘ആദഗചക്കോ… ആദാചക്കോ…’ അയ്യപ്പനും കോശിയും സിനിമയിലൂടെ പ്രസിദ്ധമായ വരികൾ നിശാഗന്ധിയില്‍ മുഴങ്ങി. വായ്മൊഴി മാത്രമുള്ള ഇരുള ഭാഷയില്‍ ഉയരുന്നു പാട്ട്. ഊരുകളിലെ ജീവിതവും ജീവിതശൈലികളുമാണ് ഗാനങ്ങളുടെ ആശയം. ഗാനം മുറുകുന്നു, ചുവടുകള്‍ക്ക് വേഗം. ഗോത്ര വിഭാഗങ്ങളുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയായി എച്ച്എസ്എസ് വിഭാഗം ഇരുളനൃത്തം ഏറ്റെടുത്തു സദസ്. വേദിയില്‍ ഷോളയൂര്‍ ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ നൃത്തം ഏറെ മനോഹരമായെന്ന് കാണികളുടെ സാക്ഷ്യപ്പെടുത്തല്‍. മത്സരത്തില്‍ ഷോളയൂര്‍ ഗവ. ട്രൈബല്‍ സ്കൂളിനടക്കം പതിനാല് സ്കൂളുകള്‍ക്ക് എ ഗ്രേഡ്. കാലങ്ങളായി പരിഗണിക്കപ്പെടാത്തവര്‍ കലോത്സവ വേദിയില്‍ അംഗീകരിക്കപ്പെടുന്നതിന്റെ മനോഹര ദൃശ്യമായിരുന്നു ഷോളയൂരിന്റെ വിജയം. 

ഇരുള നൃത്തം പഠിക്കാന്‍ ഷോളയൂരിലെ 12 കുട്ടികള്‍ക്ക് അത്ര ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ചെറുപ്പം മുതല്‍ സങ്കടവും സന്തോഷവും വരുമ്പോള്‍ കളിച്ചിരുന്ന ഇരുളനൃത്തം ഒരു വേദിക്ക് വേണ്ടി ചിട്ടപ്പെടുത്തണമെന്നത് മാത്രമായിരുന്നു ചെറിയ പ്രയാസം. വേദിയില്‍ പക്ഷെ കുട്ടികള്‍ക്ക് തകര്‍ത്ത് കളിച്ച് കയ്യടി നേടി.
അട്ടപ്പാടി അടക്കമുള്ള പ്രദേശങ്ങളിലെ ഗോത്ര സമുദായങ്ങളുടെ ആചാരങ്ങളുമായി ബന്ധപ്പെട്ട കലാരൂപമാണ് ഇരുളനൃത്തം. കല്യാണം, ഉത്സവം തുടങ്ങിയ വേളകളില്‍ അവതരിപ്പിക്കുന്ന നൃത്തരൂപം. നിരവധി വാദ്യോപകരണങ്ങളുണ്ട് ഇരുളനൃത്തത്തിന് അകമ്പടിയായി. നാഗസ്വരത്തെ അനുസ്മരിപ്പിക്കുന്ന കൊഗൽ, പെറയം, തവിൽ, ജാലറ തുടങ്ങിയ നാല് വാദ്യോപകരണങ്ങളാണ് ഇരുള നൃത്തത്തിന് ഉപയോഗിക്കുന്നത്. കൊഗൽ കലോത്സവ വേദിയിൽ ഉപയോഗിച്ചു കണ്ടില്ല.

Exit mobile version