Site iconSite icon Janayugom Online

ആനുകൂല്യങ്ങൾക്ക് ആധാർ നിര്‍ബന്ധം

വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും നടപ്പിലാക്കുന്ന എല്ലാ ക്ഷേമ പദ്ധതികളുടെയും ആനുകൂല്യങ്ങള്‍ നല്കുന്നത് ആധാർ അടിസ്ഥാനമാക്കിയാവണമന്ന് കേന്ദ്രസർക്കാർ നിർദ്ദേശം. സമഗ്രമായ അവലോകനം നടത്താനും എല്ലാ പദ്ധതികളും സുതാര്യമാക്കുന്നതിനും ഗുണഭോക്താക്കളെ ആധാര്‍ ബന്ധിതമാക്കി നേരിട്ട് ബാങ്ക് അക്കൗണ്ടുകള്‍ (ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ ‑ഡിബിടി) വഴി നല്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും കേന്ദ്ര സര്‍ക്കാര്‍ വിവിധ മന്ത്രാലയങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്കും നല്കിയ നിര്‍ദ്ദേശത്തിലുണ്ട്.
വ്യാജ ഗുണഭോക്താക്കളെ ഒഴിവാക്കാനും ഇല്ലാതാക്കാനും ഗുണഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ സുഗമമായി വിതരണം ചെയ്യാനും ലക്ഷ്യമിട്ടാണ് ഈ നീക്കമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
യുഐഡിഎഐയുമായി കൂടിയാലോചിച്ച് സാമ്പത്തിക സഹായം, സബ്സിഡികൾ, ആനുകൂല്യങ്ങൾ, സേവനങ്ങൾ എന്നിവ പ്രസക്തമായ രീതിയിൽ വിളംബരപ്പെടുത്തണം. സബ്സിഡികൾ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറുന്നതിലൂടെ സിസ്റ്റത്തിലെ സുതാര്യത വർധിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്- കാബിനറ്റ് സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച ഓഫീസ് മെമ്മോറാണ്ടം പറയുന്നു.
ആധാറില്ലാത്തത് ആനുകൂല്യ നിഷേധത്തിനു കാരണമാകില്ലെന്ന് കേന്ദ്രം ആവര്‍ത്തിച്ചുകൊണ്ടിരുന്നതാണ്. അതിനിടെയാണ് പുതിയ നിര്‍ദ്ദേശമുണ്ടായിരിക്കുന്നത്.
53 മന്ത്രാലയങ്ങളിലെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഡിബിടി ഭാരത് പോർട്ടലിൽ മൊത്തം 313 പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 2019–20ൽ പണം നേരിട്ട് ലഭ്യമാക്കുന്ന ഗുണഭോക്താക്കളുടെ എണ്ണം 70. 6 കോടിയും ഏജൻസികൾ വഴി ലഭിക്കുന്നവർ 74.1 കോടിയും ആയിരുന്നു. 2020–21ൽ ഇവ യഥാക്രമം 98 കോടിയും 81.9 കോടിയുമായി ഉയർന്നു. 77 കോടിയിലധികം ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാൽ സാമ്പത്തിക കെെമാറ്റത്തിനുള്ള വിലാസമായും ആധാർ ഉപയോഗിക്കാമെന്നും അറിയിപ്പിലുണ്ട്. 

Eng­lish Sum­ma­ry: Aad­haar is manda­to­ry for benefits

You may like this video also

Exit mobile version