Site iconSite icon Janayugom Online

ആധാര്‍ പ്രശ്നം: ലക്ഷക്കണക്കിന് ബാങ്ക് ഇടപാടുകള്‍ തടസപ്പെടുന്നു

ആധാര്‍ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് ലക്ഷക്കണക്കിന് ബാങ്ക് ഇടപാടുകള്‍ തടസപ്പെടുന്നു. സര്‍ക്കാരിന്റെ വിവിധ ധനസഹായങ്ങള്‍ ലഭിക്കുന്നതിന് ഇത് വിഘാതം സൃഷ്ടിക്കുന്നത് കര്‍ഷകരുള്‍പ്പെടെയുള്ള സാധാരണക്കാര്‍ക്ക് വന്‍ തിരിച്ചടിയായി മാറിയിട്ടുണ്ട്.
ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാത്തതിന്റെയും തെറ്റായ ആധാര്‍ നമ്പറുകളുടെയും സജീവമല്ലാത്ത ആധാര്‍ കാര്‍ഡുകളുടെയും പേരിലാണ് ഇടപാടുകള്‍ പരാജയപ്പെടുന്നത്. കര്‍ഷകരുടെ അക്കൗണ്ടുകളിലേക്കുള്ള പതിനായിരക്കണക്കിന് ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (ഡിബിടി) ഇടപാടുകള്‍ പരാജയപ്പെടുന്നതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.
കര്‍ഷകര്‍ക്കു മാത്രമല്ല, നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് പണമെത്തുന്ന വിവിധ പദ്ധതികളില്‍ അംഗമായ ആയിരക്കണക്കിന് പേര്‍ക്കും ആധാര്‍ പ്രശ്നങ്ങള്‍ കാരണം സഹായം ലഭിക്കുന്നില്ല.
ജന്‍ ധന്‍ അക്കൗണ്ടുകളിലും ബേസിക് സേവിങ്ങ്സ് ബാങ്ക് ഡിപ്പോസിറ്റ്(ബിഎസ്ഡിബി) അക്കൗണ്ടുകളിലുമാണ് കൂടുതല്‍ പ്രശ്നങ്ങള്‍. ഒരു വര്‍ഷത്തില്‍ ഒരു ലക്ഷം രൂപയും ഒറ്റത്തവണയില്‍ 50,000 രൂപയും നിക്ഷേപ പരിധിയുള്ള അക്കൗണ്ടുകളാണ് ഇവ. വിള ഇന്‍ഷുറന്‍സ് തുക 51,000 രൂപ അക്കൗണ്ടിലേക്ക് എത്തിയാല്‍ അത് പാസാകാത്ത സ്ഥിതിയുണ്ട്.
നിക്ഷേപ പരിധി ബാധകമാക്കാതെ ഈ അക്കൗണ്ടുകളിലേക്ക് തുക നല്‍കണമെന്ന് ധനമന്ത്രാലയം രണ്ട് തവണ നിര്‍ദേശം നല്‍കിയിട്ടും ബാങ്കുകള്‍ നടപടി സ്വീകരിച്ചിട്ടില്ല.
സര്‍ക്കാര്‍ പദ്ധതികളിലെ ഗുണഭോക്താക്കള്‍ക്ക് നേരിട്ട് അക്കൗണ്ടുകളിലേക്ക് തുക എത്തുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത് 2018 ഓഗസ്റ്റിലാണ്. 120 പദ്ധതികളുടെ കീഴിലായി 12,000 കോടി രൂപയോളമാണ് ഇത്തരത്തില്‍ ചെലവഴിക്കപ്പെടുന്നതെന്നാണ് കണക്ക്.
കൃത്യമായ അറിവില്ലാത്തതിനെത്തുടര്‍ന്ന് പല അക്കൗണ്ട് ഉടമകളും ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയിട്ടില്ല. ജോയിന്റ് അക്കൗണ്ടുകളില്‍ രണ്ട് ആധാര്‍ നമ്പറുകള്‍ ബന്ധിപ്പിക്കാത്തതിനാലും പണമെത്തുന്നില്ല. വിള ഇന്‍ഷുറന്‍സ് ഗുണഭോക്താക്കളില്‍ മാത്രം പതിനായിരത്തോളം പേര്‍ക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ കാരണം അക്കൗണ്ടുകളിലേക്ക് പണമെത്താത്ത സ്ഥിതിയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. 

Eng­lish Sum­ma­ry: Aad­haar issue: Lakhs of bank trans­ac­tions are disrupted

You may like this video also

Exit mobile version