Site iconSite icon Janayugom Online

പഞ്ചാബിലും ആം ആദ്മി പാർട്ടിക്ക് തിരിച്ചടി; 30 എംഎൽഎമാർ രാജി ഭീഷണി മുഴക്കി

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പഞ്ചാബിലും ആം ആദ്മി പാർട്ടിക്ക് തിരിച്ചടി. 30 പാര്‍ട്ടി എംഎൽഎമാർ രാജി ഭീഷണി മുഴക്കി രംഗത്തെത്തി. മുഖ‍്യമന്ത്രി ഭഗവന്ത് മന്നിനൊപ്പം പ്രവർത്തിക്കാൻ സാധിക്കില്ലെന്നാണ് വിമത എംഎൽഎമാർ പറയുന്നത്. മൻ ഏകാധിപത‍്യ നിലപാടാണ് പുലർത്തുന്നതെന്നും ബിജെപിയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നുമാണ് എംഎൽഎമാരുടെ ആരോപണം. പഞ്ചാബിൽ നേതൃമാറ്റം അനിവാര‍്യമാണെന്നും വിമത എംഎൽഎമാർ ആവ‍ശ‍്യപ്പെട്ടു. പ്രതിസന്ധി പരിഹരിക്കാനായി അരവിന്ദ് കെജ്‌രിവാൾ എംഎൽഎമാരുമായി ഫോണിൽ സംസാരിച്ചു. മുതിർന്ന നേതാക്കളെ പഞ്ചാബിലേക്ക് അയച്ചേക്കുമെന്നും സൂചനയുണ്ട്.

2022ൽ നടന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ 117 സീറ്റിൽ 92 എണ്ണം നേടിയാണ് കോൺഗ്രസിൽ നിന്നും അധികാരം പിടിച്ചെടുത്തത്. കോൺഗ്രസിന് 18 സീറ്റുകളും ശിരോമണി അകാലി ദളിന് മൂന്ന് എംഎൽഎമാരുമുണ്ട്. ഡല്‍ഹി തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ പഞ്ചാബിലും എഎപിക്ക് അധികാരം നഷ്ടപ്പെടുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബജ്‌വയുടെ വെളിപ്പെടുത്തല്‍. 

എഎപി എംഎല്‍എമാരുമായി താന്‍ ഏറെക്കാലമായി ബന്ധപ്പെടുന്നുണ്ടെന്നും അവര്‍ ഇനി തിരിച്ച് എഎപിയിലേക്ക് വരില്ലെന്നും ബജ്‍വ പറഞ്ഞു. ഡല്‍ഹിയിലെ തോല്‍വിക്ക് പിന്നാലെ ഒഴിവുള്ള ലുധിയാന സീറ്റിൽ കെജ്‌രിവാൾ മത്സരിക്കുമെന്നും ബജ്‌വ ആരോപിച്ചിരുന്നു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയാണ് ആം ആദ്മി പാര്‍ട്ടിക്കുണ്ടായത്. 22 സീറ്റുകള്‍ മാത്രമാണ് അവര്‍ക്ക് നേടാനായത്. 27 വര്‍ഷത്തിനുശേഷം ബിജെപി അധികാരത്തിലെത്തുകയും ചെയ്തു. 

Exit mobile version