Site iconSite icon Janayugom Online

ഹരിയാനയില്‍ കോണ്‍ഗ്രസിന് അന്ത്യശാസനവുമായി ആംആദ്മി പാര്‍ട്ടി

ഹരിയാന നിയമസഭാ തെര‍ഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ മുഴുവന്‍ സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാരപിക്കുമെന്ന് ആംആദ്മി പാര്‍ട്ടി. സഖ്യം സംബന്ധിച്ച് ഇരുപാര്‍ട്ടികളും ചര്‍ച്ച നടത്തിയെങ്കിലും ധാരണയില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ സ്ഥാനാര്‍ഥികളെ വൈകീട്ട് പ്രഖ്യാപിക്കുമെന്ന് ആം ആദ്മി അധ്യക്ഷന്‍ സുശീല്‍ ഗുപ്ത പറഞ്ഞു.

ചര്‍ച്ചയുടെ സാധ്യതകള്‍ അവസാനിച്ചെന്നും 90 സീറ്റുകളിലെ സ്ഥാനാര്‍ഥികളെ വൈകീട്ടോടെ പ്രഖ്യാപിക്കുമെന്ന് സുശീല്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി ആവശ്യപ്പെട്ടത് പത്തുസീറ്റുകളാണ്. എന്നാല്‍ കോണ്‍ഗ്രസ് അഞ്ച് സീറ്റ് നല്‍കാമെന്നാണ് അറിയിച്ചത്. ഇത് അംഗീകരിക്കാനാകില്ലെന്ന് അറിയിച്ചിട്ടുണ്ട്. 

കോണ്‍ഗ്രസിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും സുശീല്‍ ഗുപ്ത പറഞ്ഞു. ഒക്ടോബര്‍ അഞ്ചിനാണ് വോട്ടെടുപ്പ്.നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹാട്രിക് വിജയമാണ് ബിജെപി ലക്ഷ്യമിടുന്നത്. ഭരണം തിരിച്ചു പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും അഞ്ച് സീറ്റില്‍ വീതമാണ് വിജയിച്ചത്. വോട്ടുശതമാനത്തില്‍ കോണ്‍ഗ്രസിനായിരുന്നു മുന്‍തൂക്കം. ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌റങ് പുനിയയും പാര്‍ട്ടിയിലെത്തിയത് കോണ്‍ഗ്രസ് ക്യാംപുകളില്‍ ആവേശം വിതച്ചിട്ടുണ്ട്.

Exit mobile version