Site icon Janayugom Online

ആംആദ്മി പാര്‍ട്ടിക്ക് ഒരു സംസ്ഥാനത്തുകൂടി ആംഗീകാരം ലഭിച്ചാല്‍ ദേശീയപാര്‍ട്ടിയാകും:കെജിരിവാള്‍

ഒരു ദേശീയ രാഷ്ട്രീയകക്ഷിയായി മാറാന്‍ ആം ആദ്മി പാര്‍ട്ടിയ്ക്ക് ഒരു ചുവട് മാത്രമാണ് അവശേഷിക്കുന്നതെന്ന് പാര്‍ട്ടിയുടെ ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ ഗോവയിലും എഎപിയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകാരം നല്‍കിയതിനെ തുടര്‍ന്നാണ് കെജ് രിവാള്‍ ഇക്കാര്യം പ്രസ്താവിച്ചത്. ഒരു സംസ്ഥാനത്ത് കൂടി പാര്‍ട്ടിയ്ക്ക് അംഗീകാരം ലഭിച്ചാല്‍ എഎപിയ്ക്ക് ദേശീയ പാര്‍ട്ടി പദവി ലഭിക്കും. പാര്‍ട്ടിയുടെ നേട്ടത്തില്‍ കെജ് രിവാള്‍ പ്രവര്‍ത്തകരെ അഭിനന്ദിക്കുകയും ചെയ്തു.

ഡല്‍ഹിയ്ക്കും പഞ്ചാബിനും ശേഷം ഗോവയിലും എഎപി അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. ഒരു സംസ്ഥാനത്ത് കൂടി നമ്മുടെ പാര്‍ട്ടിയ്ക്ക് അംഗീകാരം ലഭിച്ചാല്‍ എഎപി ദേശീയപാര്‍ട്ടിയായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടും. പാര്‍ട്ടിയുടെ ഓരോ പ്രവര്‍ത്തകനേയും അവരുടെ കഠിനാധ്വാനത്തിന്റെ പേരില്‍ അഭിനന്ദിക്കുന്നു. എഎപിയുടെ ആശയത്തില്‍ വിശ്വാസമര്‍പ്പിച്ച ജനങ്ങള്‍ക്ക് നന്ദി അറിയിക്കുന്നു”. കെജ് രിവാള്‍ ട്വീറ്റ് ചെയ്തു. ഇന്ത്യയില്‍ ഒരു രാഷ്ട്രീയകക്ഷിയ്ക്ക് ദേശീയപാര്‍ട്ടി പദവി ലഭിക്കാന്‍ മൂന്ന് മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. നാല് സംസ്ഥാനങ്ങളില്‍ നടന്ന ഒടുവിലത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഓരോ സംസ്ഥാനത്തിലും ആറ് ശതമാനം വോട്ട് ഓഹരി ലഭിക്കണം. കൂടാതെ, അവസാനം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നാല് സീറ്റുകള്‍ ലഭിക്കുകയും വേണം. അല്ലെങ്കില്‍ അവസാനം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ട് ശതമാനം സീറ്റുകള്‍ നേടുകയോ നാല് സംസ്ഥാനങ്ങളില്‍ പാര്‍ട്ടി അംഗീകാരം നേടുകയോ വേണം.

2012 ലായിരുന്നു എഎപിയുടെ രംഗപ്രവേശം. 2013 ലെ ഡല്‍ഹി തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയതോടെ കോണ്‍ഗ്രസിന്റെ പിന്തുണയോടെ സര്‍ക്കാര്‍ രൂപവത്കരിച്ചെങ്കിലും 49 ദിവസം മാത്രമായിരുന്നു സര്‍ക്കാര്‍ നിലനിന്നത്. 2015, 2020 ലെ തിരഞ്ഞെടുപ്പുകളില്‍ വന്‍വിജയം നേടി എഎപി അധികാരത്തിലെത്തി. പഞ്ചാബിലെ നിയമസഭാതിരഞ്ഞെടുപ്പിലും വിജയം നേടാനായത് എഎപിയുടെ മികച്ച നേട്ടമായി. ഹിമാചല്‍ പ്രദേശിലും ഗുജറാത്തിലും നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ക്കായി വന്‍പ്രവര്‍ത്തനമാണ് എഎപി പദ്ധതിയിടുന്നത്. കൂടുതല്‍ സംസ്ഥാനങ്ങളില്‍ അധികാരം കേന്ദ്രീകരിച്ച് ദേശീയതലത്തില്‍ ശക്തമായ അടിത്തറയാണ് എഎപി ലക്ഷ്യമിടുന്നത്

Eng­lish Sum­ma­ry: Aam Aad­mi Par­ty will become a nation­al par­ty if it gets recog­ni­tion from one state: Kejiriwal

You may also like this video:

Exit mobile version