ആമിർ ഖാന്‍റെ പുതിയ ചിത്രമായ സിതാരേ സമീൻ പറിന് സെൻസർ ബോർഡ് ഫോർ ഫിലിം സർട്ടിഫിക്കേഷൻ (സി.ബി.എഫ്.സി) യു/എ 13+ സർട്ടിഫിക്കറ്റ് നൽകി. ചിത്രത്തിന്റെ നിർമാതാവ് കൂടിയായ ആമിർ ഖാൻ ബോർഡ് ആദ്യം ശുപാർശ ചെയ്ത മാറ്റങ്ങളും എഡിറ്റുകളും നിരസിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നിരുന്നാലും, ബോർഡിന്റെ ഒരു റിവൈസിങ് കമ്മിറ്റി അഞ്ച് പുതിയ മാറ്റങ്ങൾ നിർദ്ദേശിക്കുകയും, നിർമാതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും, അന്തിമ പ്രദർശനത്തിന് അനുവദിക്കുകയും ചെയ്തു.
ബോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്തതനുസരിച്ച്, സിനിമയിൽ ഏകദേശം അഞ്ച് മാറ്റങ്ങൾ വരുത്താനാണ് നിർമാതാക്കളോട് ആവശ്യപ്പെട്ടത്. ‘ബിസിനസ് വുമൺ’ എന്ന പദത്തിന് പകരം ‘ബിസിനസ് പേഴ്‌സൺ’ എന്ന പദം ഉൾപ്പെടുത്തുക,‘മൈക്കൽ ജാക്‌സൺ’ എന്ന പദത്തിന് പകരം ‘ലവ് ബേർഡ്‌സ്’ എന്ന പദം ഉൾപ്പെടുത്തുക എന്നതും ഉൾപ്പെടുന്നു. വാമൻ കേന്ദ്രെയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ‘കമൽ’ (താമര) എന്ന വാക്ക് നീക്കം ചെയ്യാനും ആവശ്യപ്പെട്ടത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു ഉദ്ധരണി ചിത്രത്തിലെ ആദ്യം ചേർക്കാൻ നിർമാതാക്കളോട് ആവശ്യപ്പെട്ടിരുന്നു. നിർമാതാക്കൾ എല്ലാ നിർദ്ദേശങ്ങളും അംഗീകരിച്ചുവെന്നും 13+ റേറ്റിങ് ഉള്ള U/A സർട്ടിഫിക്കറ്റ് ലഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു, അതായത് സിനിമ നിയന്ത്രണങ്ങളില്ലാതെ പൊതു പ്രദർശനത്തിന് അനുയോജ്യമാണ്. എന്നാൽ 13 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് രക്ഷാകർതൃ മാർഗനിർദ്ദേശം നൽകുന്നതിനുള്ള ശുപാർശയും ഉണ്ട്. സർട്ടിഫിക്കറ്റിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ ചിത്രത്തിന്റെ ദൈർഘ്യം ഏകദേശം രണ്ട് മണിക്കൂർ 38 മിനിറ്റ് 46 സെക്കൻഡ് ആണ്.

