Site icon Janayugom Online

കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധം ശക്തമാക്കി എഎപി; നിരവധി നേതാക്കളും പ്രവര്‍ത്തകരും അറസ്റ്റില്‍

അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ പ്രതിഷേധം ശക്തമാക്കി എഎപി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വസതി ഉപരോധത്തിനെത്തിയ നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു. രാജ്യ തലസ്ഥാനത്ത് സംഘര്‍ഷാന്തരീക്ഷം തുടരുന്നു. പ്രധാനമന്ത്രിയുടെ ലോക് കല്യാണ്‍ മാര്‍ഗിലെ ഔദ്യോഗിക വസതി വളയാനാണ് ഇന്നലെ എഎപി പ്രവര്‍ത്തകര്‍ പട്ടേല്‍ ചൗക്ക് മെട്രോ സ്റ്റേഷന്‍ പരിസരത്തെത്തിയത്. പട്ടേല്‍ ചൗക്കില്‍ നിന്ന് മാര്‍ച്ച് നടത്താനായിരുന്നു തീരുമാനം. പ്രതിഷേധം മുന്നില്‍ക്കണ്ട് മേഖലയില്‍ ഡല്‍ഹി പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. നിരോധനാജ്ഞ ലംഘിച്ച പ്രവര്‍ത്തകരെയും നേതാക്കളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു.

ഡല്‍ഹി, പഞ്ചാബ് മന്ത്രിമാരായ സോമനാഥ് ഭാരതി, ഹര്‍ജോത് സിങ് ബെയിന്‍സ്, ഡല്‍ഹി നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ രാഖി ബിര്‍ള, മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തക റീന ഗുപ്ത ഉള്‍പ്പെടെ നിരവധി നേതാക്കളെയാണ് കസ്റ്റഡിയില്‍ എടുത്തത്. പ്രതിഷേധത്തിന് പൊലീസ് അനുമതിയില്ലാത്ത സാഹചര്യത്തിലാണ് പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തതെന്ന് ഡിസിപി ദേവേഷ് കുമാര്‍ പറഞ്ഞു.

എഎപി നടത്തുന്ന പ്രതിഷേധങ്ങള്‍ക്ക് തടയിടാന്‍ കെജ്‌രിവാളിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ എതിര്‍ പ്രതിഷേധവുമായി ഇന്നലെ രംഗത്ത് എത്തിയിരുന്നു. ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ മാര്‍ച്ച് 28 വരെയാണ് റോസ് അവന്യൂ കോടതി കെജ്‌രിവാളിനെ ഇഡി കസ്റ്റഡിയില്‍ വിട്ടത്. ജയിലില്‍ ആയാലും ഭരണ നിര്‍വഹണത്തിന് നിയമ തടസങ്ങള്‍ ഇല്ലെന്നും അതുകൊണ്ട് മുഖ്യമന്ത്രിപദം കെജ്‌രിവാള്‍ ഒഴിയേണ്ടെന്നും എഎപി നേതൃയോഗം നേരത്തെ തീരുമാനമെടുത്തിരുന്നു.
Eng­lish Sum­ma­ry: AAP inten­si­fied protest against Kejri­wal’s arrest
You may also like this video

 

Exit mobile version