Site iconSite icon Janayugom Online

മാലിന്യപ്രശ്നം രാഷ്ട്രീയമാക്കി എഎപി

മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഡല്‍ഹി സര്‍ക്കാരും ബിജെപിയും തമ്മിലുള്ള പോര് മുറുകി. ഗാസിപൂരിലെ മാലിന്യ പ്ലാന്റ് സന്ദര്‍ശിക്കാനെത്തിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെ‍‍ജ്‍രിവാളിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി. മാലിന്യ സംസ്കരണം കോര്‍പറേഷന്റെ ചുമതലയായിരിക്കെ, മാലിന്യകേന്ദ്രങ്ങളിലെ കെടുകാര്യസ്ഥതയായിരിക്കും തെരഞ്ഞെടുപ്പിലെ എഎപിയുടെ തുറുപ്പുചീട്ട്. ഗാസിപൂര്‍ ഉള്‍പ്പെടെയുള്ള മൂന്ന് മാലിന്യശേഖരണ കേന്ദ്രങ്ങളിലും മാലിന്യ കൂമ്പാരം സൃഷ്ടിക്കുക മാത്രമാണ് ബിജെപിയുടെ 15 വര്‍ഷത്തെ കോര്‍പറേഷന്‍ ഭരണത്തിലൂടെ ലഭിച്ചതെന്നും കെജ്‍രിവാള്‍ ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അഞ്ച് വർഷത്തിനുള്ളിൽ ഡൽഹി വൃത്തിയാക്കുമെന്നാണ് എഎപിയുടെ വാഗ്‍ദാനം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഡൽഹിയിലെ ജനങ്ങൾ ബിജെപിയെ തള്ളിക്കളയുമെന്നും ദേശീയ തലസ്ഥാനം വൃത്തിയാക്കാൻ എഎപിക്ക് അവസരം നൽകുമെന്നും കെജ്‌രിവാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. 

സംസ്ഥാന സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞ എഎപി നേതാക്കള്‍ കോര്‍പറേഷന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച തുകയുടെ കണക്ക് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഗാസിപൂരിലെ മാലിന്യപ്ലാന്റ് സന്ദര്‍ശിക്കുമെന്ന് കെ‍ജ്‍രിവാള്‍ പ്രഖ്യാപിച്ചത്. ദേശീയ തലസ്ഥാനത്തെ ഏറ്റവും വലിയ മാലിന്യക്കൂമ്പാരമാണ് ഗാസിപൂരിലേത്. നഗരത്തിലെ മാലിന്യനിര്‍മ്മാര്‍ജനവും സംസ്കരണവും കോര്‍പറേഷന്റെ ചുമതലയാണ്. 2017ൽ ദക്ഷിണ, വടക്ക്, കിഴക്കൻ ഡൽഹി മുനിസിപ്പൽ കോർപ്പറേഷനുകളിലെ 272 സീറ്റുകളിൽ 181 സീറ്റുകളും ബിജെപി നേടിയിരുന്നു. തുടര്‍ച്ചയായി നാലാം തവണയാണ് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ഭരണം ബിജെപി നേടുന്നത്. 

ഡല്‍ഹി മലീനികരണ നിയന്ത്രണ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം പ്രതിദിനം 11,000 ടണ്‍ ഖരമാലിന്യമാണ് നഗരത്തില്‍ ഉല്പാദിപ്പിക്കുപ്പെടുന്നത്. ഇതില്‍ ഏകദേശം 5,000 ടണ്‍ മാത്രമാണ് യഥാക്രമം സംസ്കരിക്കുന്നത്. ബാക്കിയുള്ളവ മാലിന്യകേന്ദ്രങ്ങളില്‍ തന്നെ അവശേഷിക്കുന്നു. 2019 ഒക്ടോബറിൽ ആരംഭിച്ച മാലിന്യ പർവതങ്ങൾ നിരപ്പാക്കുന്ന പദ്ധതിക്ക് ശേഷവും ഗാസിപൂർ, ഓഖ്‌ല, ഭൽസ്‌വ എന്നീ മൂന്ന് മാലിന്യ കേന്ദ്രങ്ങളില്‍ നിലവിലുള്ള മാലിന്യത്തിന്റെ അഞ്ചിലൊന്നിൽ താഴെ മാത്രമേ സംസ്‌കരിക്കപ്പെട്ടിട്ടുള്ളൂവെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. മാലിന്യസംസ്കകരണത്തിലെ പിഴവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹരിത ട്രൈബ്യൂണൽ ഡല്‍ഹി സര്‍ക്കാരിന് പിഴ ചുമത്തിയിരുന്നു. 

Eng­lish Summary:AAP politi­cized the garbage issue
You may also like this video

YouTube video player
Exit mobile version