Site icon Janayugom Online

രാമരാജ്യവും ദേശീയതയും ആയുധമാക്കാന്‍ എഎപി

AAP

AAP

ഉത്തര്‍പ്രദേശില്‍ രാമരാജ്യവും ദേശീയതയും പയറ്റാന്‍ തയ്യാറെടുത്ത് ആം ആദ്മി പാര്‍ട്ടി. അടുത്ത വര്‍ഷം യുപിയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആം ആദ്മി പാര്‍ട്ടിയുടെ പ്രചരണം അയോധ്യയില്‍ രാമക്ഷേത്ര സന്ദര്‍ശനത്തോടെയാണ് ആരംഭിച്ചത്.
ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, സഞ്ജയ് സിങ് എന്നിവരാണ് പ്രാര്‍ത്ഥനകളോടെ പരിപാടികള്‍ക്ക് തുടക്കമിട്ടത്. രണ്ടു നേതാക്കളും കഴിഞ്ഞദിവസങ്ങളിലായി അയോധ്യയിലെ നിരവധി ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയിരുന്നു. ആം ആദ്മി പാര്‍ട്ടി യുപിയില്‍ നടത്തുന്ന തിരംഗ യാത്രയ്ക്കും തുടക്കമായി. 

യുപിയില്‍ രാമരാജ്യം സ്ഥാപിക്കാനായി രാമനോട് പ്രാര്‍ത്ഥിച്ചുവെന്ന് മനീഷ് സിസോദിയ പറഞ്ഞു. ഡല്‍ഹിയെ പോലെ മികച്ച ആരോഗ്യ സേവനങ്ങളും കുടിവെള്ളവും വൈദ്യുതിയും നല്ല വിദ്യാഭ്യാസവും ലഭിക്കുന്ന നാടായി യുപിയെ മാറ്റാന്‍ എഎപിയെ അനുഗ്രഹിക്കണമെന്നും പ്രാര്‍ത്ഥിച്ചതായി സിസോദിയ പറഞ്ഞു.
മതവികാരവും ദേശീയതയും ഉയര്‍ത്തി ഉത്തര്‍പ്രദേശില്‍ അധികാരം പിടിച്ചെടുത്ത ബിജെപിയുടെ അതേവഴികളിലൂടെയാണ് എഎപിയും സഞ്ചരിക്കുന്നത്. ബിജെപിയുടെ വ്യാജ ദേശീയതയെ തുറന്നുകാട്ടി ‘യഥാര്‍ത്ഥ ദേശീയത’ എന്താണെന്ന് ജനങ്ങള്‍ക്കുമുന്നില്‍ വ്യക്തമാക്കുമെന്ന് സഞ്ജയ് സിങ് പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ 403 സീറ്റുകളിലും എഎപി മത്സരിക്കുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ എഎപി ആദ്യമായാണ് യുപിയില്‍ മത്സരിക്കുന്നത്. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്‌രിവാള്‍ നരേന്ദ്ര മോഡിക്കെതിരെയും കുമാര്‍ ബിശ്വാസ് രാഹുല്‍ ഗാന്ധിക്കെതിരെയും മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടിരുന്നു. 

ഇത്തവണയും അയോധ്യയെ ചുറ്റിപ്പറ്റിയാകും യുപിയുടെ തെരഞ്ഞെടുപ്പ് പ്രചരണമെന്ന് വ്യക്തമായിട്ടുണ്ട്. മുഖ്യമന്ത്രി ആദിത്യനാഥ് ഇതിനോടകം നിരവധി തവണ അയോധ്യ സന്ദര്‍ശനം നടത്തിക്കഴിഞ്ഞു. സമാജ് വാദി പാര്‍ട്ടിയും ബിഎസ്‌പിയും അയോധ്യയെ കേന്ദ്രീകരിച്ചുതന്നെയാണ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. 

Eng­lish Sum­ma­ry : aap to weaponise nation­al­ism and ramarajya

You may also like this video :

Exit mobile version