Site iconSite icon Janayugom Online

എഎപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം; അന്വേഷിക്കാന്‍ ഉത്തരവിട്ട് എല്‍ജി

നിയമസഭാ തെരഞ്ഞെടുപ്പ് പാടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ഡല്‍ഹിയില്‍ പുതിയ രാഷ്ട്രീയ നാടകം. ആം ആദ്മി പാര്‍ട്ടി (എഎപി) മുന്നോട്ടുവച്ച തെരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍. കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് നല്‍കിയ പരാതിയിലാണ് ക്ഷേമ പദ്ധതി വാഗ്ദാനത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ വി കെ സക്സേന ഉത്തരവിട്ടത്. എഎപി — കോണ്‍ഗ്രസ് ബന്ധം വഷളയാതിന് പിന്നാലെയാണ് സന്ദീപ് ദീക്ഷിത് പരാതിയുമായി എല്‍ജിയെ സമീപിച്ചത്. ചീഫ് സെക്രട്ടറി, കമ്മിഷണര്‍ ഓഫ് പൊലീസ് എന്നിവരോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി. എന്നാല്‍ ആരോപണം വ്യാജമാണെന്നും ലഫ്റ്റനന്റ് ഗവര്‍ണര്‍ എന്താണ് അന്വേഷിക്കുകയെന്നും എഎപി കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍ ചോദിച്ചു. കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീമായി മാറിയെന്നതിന് തെളിവാണ് പരാതിയെന്നും അവര്‍ക്ക് ബിജെപി വന്‍തോതില്‍ സാമ്പത്തിക സഹായം നല്‍കുന്നതായും കെജ്‌രിവാള്‍ ആരോപിച്ചു. 

എഎപി പ്രഖ്യാപിച്ച മഹിളാ സമ്മാന്‍ യോജന പദ്ധതിക്കായി വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് സന്ദീപ് ദീക്ഷിതിന്റെ പ്രധാന ആരോപണം. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പഞ്ചാബില്‍ നിന്ന് ഡല്‍ഹിയിലേക്ക് വന്‍തോതില്‍ അനധികൃതമായി പണം എത്തിക്കുന്നതായും പരാതിയില്‍ പറയുന്നു. മഹിളാ സമ്മാന്‍ യോജന വഴി വനിതകള്‍ക്ക് പ്രതിമാസം 2,100 രൂപ വിതരണം ചെയ്യുമെന്ന വാഗ്ദാനം സംബന്ധിച്ച് വ്യക്തിഗത വിവര ചോര്‍ച്ച സംഭവിച്ചോ എന്ന് അന്വേഷിക്കും. വിവരം ചോര്‍ത്തിയെങ്കില്‍ സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനും വികെ സക്സേന നിര്‍ദേശം നല്‍കിയിട്ടുണ്ട്. .

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും എഎപിയും വ്യത്യസ്ത ചേരികളില്‍ നിലയുറപ്പിച്ചതോടെയാണ് പരസ്പരം ആരോപണ- പ്രത്യാരോപണവുമായി രംഗത്തുവന്നത്. പ്രതിപക്ഷ ഇന്ത്യ സഖ്യത്തില്‍ നിന്ന് കോണ്‍ഗ്രസിനെ ഒഴിവാക്കണമെന്ന് കഴിഞ്ഞ ദിവസം എഎപി ആവശ്യപ്പെട്ടിരുന്നു. ഡല്‍ഹി മുന്‍മുഖ്യമന്ത്രി ഷീലാ ദീക്ഷിന്റെ മകന്‍ സന്ദീപ് ദീക്ഷിത് അരവിന്ദ് കെജ്‌രിവാളിനെതിരെയാണ് മത്സരിക്കുന്നത്. എഎപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നനാള്‍ മുതല്‍ സര്‍ക്കാരുമായി കടുത്ത ഭിന്നതയില്‍ തുടരുന്ന ലഫ്റ്റനന്റ് ഗവര്‍ണറുടെ നടപടി പലപ്പോഴും ഭരണഘടനാ പ്രതിസന്ധിയിലേക്ക് വരെ എത്തിയിരുന്നു. 

Exit mobile version