Site iconSite icon Janayugom Online

പഞ്ചാബിലെ എഎപി മന്ത്രി ഫൗജ സിങ് സരാരി രാജിവെച്ചു

അഴിമതി ആരോപണത്തെത്തുടര്‍ന്ന് പഞ്ചാബിലെ എഎപി മന്ത്രി ഫൗജ സിങ് സരാരി രാജിവച്ചു. ഭഗവന്ത് മന്‍ മന്ത്രിസഭയിലെ ഭക്ഷ്യ‑സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിയായിരുന്നു. വ്യക്തിപരമായ കാര്യങ്ങളെ തുടര്‍ന്നാണ് രാജിയെന്നാണ് രാജിക്കത്തില്‍ പറഞ്ഞിരിക്കുന്നത്. രാജിക്കത്ത് മുഖ്യമന്ത്രി സ്വീകരിച്ചു. പാര്‍ട്ടിയുടെ വിശ്വസ്തനായ പ്രവര്‍ത്തകനാണെന്നും അങ്ങനെ തന്നെ തുടരുമെന്നും രാജിക്കുശേഷം ഫൗജ സിങ് സരാരി വ്യക്തമാക്കി.

അധികാരത്തിലേറി ഒമ്പതു മാസത്തിനുള്ളില്‍ എഎപി മന്ത്രിസഭയില്‍ നിന്ന് അഴിമതിയുടെ പേരില്‍ പുറത്താകുന്ന രണ്ടാമത്തെ മന്ത്രിയാണ് 61കാരനായ ഫൗജ സിങ്. നേരത്തെ അഴിമതി ആരോപണത്തെ തുടര്‍ന്ന് ആരോഗ്യ മന്ത്രിയായിരുന്ന ഡോ. വിജയ് സിംഗ്ലയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയിരുന്നു. സെപ്റ്റംബറില്‍ മന്ത്രിക്കെതിരായ ഒരു ശബ്ദ സന്ദേശം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഭക്ഷ്യധാന്യം കടത്തുന്നവരില്‍ നിന്നും പണം തട്ടാനുള്ള പദ്ധതിയെകുറിച്ചാണ് മന്ത്രി ശബ്ദരേഖയില്‍ പറയുന്നത്. സംഭവത്തില്‍ എഎപി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ മുഖ്യമന്ത്രി ഭഗവന്ത് മന്‍ അദ്ദേഹത്തിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ നോട്ടീസിന് ഫൗജ സിങ് മറുപടി നല്‍കിയിരുന്നില്ല.

വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനായ ഫൗജ സിങ് ഫിറോസ്‌പൂരിലെ ഗുരു ഹാര്‍ സാഹല്‍ മണ്ഡലത്തില്‍ നിന്നാണ് വിജയിച്ചത്. ശിരോമണി അകാലിദളിന്റെ വര്‍ദേവ് സിങ്ങിനെ 10,574 വോട്ടുകള്‍ക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ഒഎസ്ഡ‍ിയായിരുന്ന താര്‍സെം സിങ്ങുമായി നടത്തിയ സംഭാഷണമായിരുന്നു പുറത്തുവന്നത്. ശബ്ദരേഖ പുറത്തുവിട്ടതും തര്‍സെം സിങ്ങായിരുന്നു. തുടര്‍ന്ന് മന്ത്രിക്കെതിരെ സമൂഹ മാധ്യമ ക്യാമ്പെയ്നും മുന്‍ വിശ്വസ്തന്‍ നേതൃത്വം നല്‍കി. എഎപി നേതൃത്വം കൈവിട്ടതോടെ അടുത്തിടെ മണ്ഡലത്തിലെ പരിപാടികളിലൊന്നും ഫൗജ സിങ് പങ്കെടുത്തിരുന്നില്ല. അതേസമയം വിവാദത്തിന് നാല് മാസത്തിനുശേഷമുള്ള രാജി അപ്രതീക്ഷിതവും കൂടിയായി. സരാരിയുടെ രാജിക്ക് പിന്നാലെ നടന്ന മന്ത്രിസഭാ പുനസംഘടനയില്‍ പുതിയ ആരോഗ്യമന്ത്രിയായി പട്യാലയില്‍ നിന്നുള്ള എംഎല്‍എ ഡോ. ബാല്‍ബീര്‍ സിങ് സത്യപ്രതിജ്ഞ ചെയ്തു. നിലവില്‍ ആരോഗ്യമന്ത്രിയായിരുന്ന ചേതന്‍ സിങ് ജോറമജ്രയ്ക്ക് സരാരി വഹിച്ചിരുന്ന വകുപ്പുകളുടെയെല്ലാം ചുമതലയും നല്‍കി.

Eng­lish Sum­ma­ry: AAP’s Fau­ja Singh Sarari resigns from Pun­jab Cabinet
You may also like this video

Exit mobile version