കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച 2026–27 സാമ്പത്തിക വർഷത്തെ ബജറ്റ് സൂക്ഷ്മ‑ചെറുകിട‑ഇടത്തരം വ്യവസായ (എംഎസ്എംഇ) മേഖലയെ കൈവിട്ടു.
രാജ്യത്തിന്റെ സാമ്പത്തിക നട്ടെല്ലായ എംഎസ്എംഇ മേഖലയ്ക്ക് ആവശ്യമായ പ്രത്യേക പദ്ധതികളോ ആശ്വാസ നടപടികളോ ബജറ്റിൽ ഇല്ലെന്ന് അസോസിയേഷൻ ഓഫ് ഇന്ത്യൻ എന്റർപ്രണേഴ്സ് വിലയിരുത്തുന്നു. വൻകിട കമ്പനികൾക്ക് നൽകുന്ന പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് പോലുള്ള ആനുകൂല്യങ്ങൾ ചെറുകിട വ്യവസായങ്ങൾക്കും ലഭ്യമാക്കണമായിരുന്നു. മൂല്യവര്‍ധിത ആനുകൂല്യങ്ങൾ വഴി ഈ മേഖലയെ ശക്തിപ്പെടുത്താനുള്ള അവസരം സർക്കാർ നഷ്ടപ്പെടുത്തിയെന്ന് സംഘടനയുടെ നാഷണൽ ചെയർമാൻ കെ ഇ രഘുനാഥൻ ചൂണ്ടിക്കാട്ടി.
നിലവിലെ ജിഎസ്ടി ഘടന ചെറുകിട വ്യവസായികൾക്ക് വലിയ ഭാരമാണ്. ഇത് മൂല്യവര്‍ധിത നികുതി (വാറ്റ്) മാതൃകയിലേക്ക് പുനഃക്രമീകരിക്കണമെന്ന ദീർഘകാല ആവശ്യം സർക്കാർ പരിഗണിച്ചില്ല. ഈട് നൽകാതെ വായ്പ ലഭ്യമാക്കുമെന്ന് മന്ത്രി പറയുന്നുണ്ടെങ്കിലും ബാങ്കുകൾ പ്രായോഗികമായി ഇത് നടപ്പിലാക്കുന്നില്ല. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ കൃത്യമായ ഇടപെടലുകൾ ഉണ്ടാകാത്തത് ബിസിനസ്സുകളുടെ തകർച്ചയ്ക്ക് കാരണമാകുന്നു.
അമേരിക്കൻ വ്യാപാര നികുതികൾ ഏർപ്പെടുത്തിയതിനെത്തുടർന്ന് വിദേശ വിപണിയെ ആശ്രയിച്ചു കഴിഞ്ഞിരുന്ന പല ഇന്ത്യൻ ചെറുകിട വ്യവസായങ്ങളും തകർച്ചയുടെ വക്കിലാണ്. ഇത്തരം സാഹചര്യങ്ങളെ നേരിടാൻ ഒരു അടിയന്തര സഹായ നിധി ബജറ്റിൽ പ്രഖ്യാപിക്കാത്തതും വലിയ തിരിച്ചടിയായി.
രാജ്യത്ത് ഏറ്റവുമധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് ചെറുകിട വ്യവസായങ്ങളാണ്. നിലനില്പിനായി ഈ സ്ഥാപനങ്ങൾ കഷ്ടപ്പെടുമ്പോൾ പുതിയ തൊഴിലുകൾ സൃഷ്ടിക്കാൻ കഴിയില്ല. മേഖലയെ സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും, ഭാവിയിൽ ഇത് വലിയ തൊഴിലില്ലായ്മയ്ക്ക് വഴിവെക്കുമെന്നും സംഘടന ആശങ്ക പ്രകടിപ്പിച്ചു. ചെറുകിട വ്യവസായങ്ങളെ രക്ഷിക്കുമെന്ന് പ്രതീക്ഷിച്ച ബജറ്റ് വെറും വാക്കുകളിൽ ഒതുങ്ങിയതായും അവർ കൂട്ടിച്ചേർത്തു.
നിർമല സീതാരാമന്റെ സാമ്പത്തിക ഭൂപടത്തിൽ നിന്നും ചെറുകിട വ്യാപാരികൾ പണ്ടേ പുറത്തായെന്ന് കേന്ദ്ര ബജറ്റിലൂടെ വീണ്ടും തെളിഞ്ഞുവെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റും കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാട്രേഡേഴ്സ് (സിഎഐടി) ദേശീയ സെക്രട്ടറിയുമായ എസ് എസ് മനോജ് പറഞ്ഞു.
എംഎസ്എംഇകൾക്ക് 2000 കോടി രൂപയുടെ പാക്കേജ് നാമമാത്രമാണ്. ചെറുകിട വ്യവസായങ്ങൾക്ക് 10000 കോടിയുടെ സഹായം നൽകിയ നടപടി സ്വാഗതം ചെയ്യുന്നു. എന്നാൽ വൻകിട കുത്തകകൾ ഇതിന്റെ ആനുകൂല്യം പിൻവാതിലിലൂടെ നേടുവാനുള്ള പഴുതുകൾ അടക്കണം. എന്നാൽ രാജ്യത്ത് ഉല്പാദിപ്പിക്കപ്പെടുന്ന ഉല്പന്നങ്ങൾ വിപണനം ചെയ്യുന്ന ചെറുകിട വിപണന കേന്ദ്രങ്ങൾക്ക് യാതൊരു സഹായവും പ്രഖ്യാപിക്കാത്ത അവസ്ഥ തുടർന്നു വരുന്നത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
എംഎസ്എംഇ മേഖലയെ കൈവിട്ടു; കോർപ്പറേറ്റുകൾക്ക് മാത്രം ആനുകൂല്യങ്ങള്‍

