Site iconSite icon Janayugom Online

തെരുവ്‌നായ നിയന്ത്രണത്തിനുള്ള എബിസി സെന്റര്‍ ഉദ്ഘാടനം ഉടൻ

ജില്ലയിലെ തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനും തെരുവുനായ്ക്കളുടെ വന്ധ്യംകരണം ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾക്കുമായി ജില്ലാ പഞ്ചായത്ത് നേതൃത്വത്തിൽ കണിച്ചുകുളങ്ങരയിൽ ആരംഭിക്കുന്ന അനിമൽ ബർത്ത് കൺട്രോൾ (എബിസി) സെന്റർ ഉദ്ഘാടന സജ്ജമായി. കേന്ദ്ര സർട്ടിഫിക്കേഷൻ നേടിയ ജില്ലയിലെ ആദ്യത്തെ എബിസി സെന്ററാണിത്. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തിലെ കണിച്ചുകുളങ്ങര മൃഗാശുപത്രിക്ക് സമീപം ആരംഭിക്കുന്ന സെന്ററിന് ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ (എഡബ്ല്യുബിഐ) അംഗീകാരം ലഭിച്ചു. എഡബ്ല്യുബിഐ ഇൻസ്‌പെക്ഷൻ ടീം അംഗങ്ങൾ ജനുവരിയിൽ സെന്ററിലെത്തി പരിശോധനകൾ നടത്തി സൗകര്യങ്ങൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം ലഭിച്ചത്.840 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പ്രധാന കെട്ടിടം, അനുബന്ധ സൗകര്യങ്ങൾക്ക് നിർമ്മിച്ചിരിക്കുന്ന ഷെഡുകൾ, 50 നായ്ക്കളെ പാർപ്പിക്കാനുള്ള കൂടുകൾ എന്നിവ ഉൾപ്പെടെയാണ് സെന്റർ ഒരുക്കിയിട്ടുള്ളത്. ശസ്ത്രക്രിയ നടത്താനുള്ള തിയേറ്റർ, പ്രീ ആൻഡ് പോസ്റ്റ് ഓപറേറ്റീവ് മുറികൾ, ജീവനക്കാർക്കുള്ള മുറി, എബിസി ഓഫിസ്, സ്റ്റോർ, മാലിന്യ നിർമാർജ സൗകര്യം, അടുക്കള തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. ദിവസം 10 ശസ്ത്രക്രിയകൾ വരെ നടത്താനുള്ള സജ്ജീകരണങ്ങളാണ് കേന്ദ്രത്തിലുള്ളത്.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ഐഎംഎ ഗോസ് ഇക്കോ ഫ്രണ്ട് ലി (ഐഎംഎജിഇ)യുമായി സഹകരിച്ചാണ് സെന്ററിലെ ബയോമെഡിക്കൽ മാലിന്യങ്ങൾ നിർമാർജനം ചെയ്യുക. ഒരു വെറ്ററിനറി സർജൻ, നാല് മൃഗപരിപാലകർ, ഒരു തീയേറ്റർ സഹായി, ഒരു ശുചീകരണ തൊഴിലാളി, നായപിടുത്ത സംഘം എന്നിവരെ സെന്റർ പ്രവർത്തനങ്ങൾക്കായി നിയമിച്ചിട്ടുണ്ട്. അതിരാവിലെയും വൈകിട്ടുമാണ് തെരുവുനായ്ക്കളെ പിടികൂടുക. ശസ്ത്രക്രിയക്കുശേഷം ആൺ നായ്ക്കളെ നാല് ദിവസവും പെൺ നായ്ക്കളെ അഞ്ചു ദിവസവും നിരീക്ഷണത്തിൽ പാർപ്പിക്കും. ഇവയ്ക്കുള്ള ആന്റിബയോട്ടിക് ചികിത്സയും ഭക്ഷണവും സെന്ററിൽ നൽകും. കേന്ദ്ര മൃഗക്ഷേമ ബോർഡിന്റെ ആക്ഷൻ പ്ലാൻ അനുസരിച്ചാണ് പ്രവർത്തനങ്ങൾ. ആവാസ വ്യവസ്ഥയിൽ മാറ്റം വരുത്താൻ പാടില്ല എന്ന നിർദേശത്തെ തുടർന്ന് ശസ്ത്രക്രിയ കഴിഞ്ഞ് സുഖം പ്രാപിച്ച നായ്ക്കളെ കൊണ്ടുവന്ന സ്ഥലത്തുതന്നെ തിരിച്ചെത്തിക്കും. ഇവയെ തിരിച്ചറിയാനായി നായ്ക്കളുടെ ചെവിയിൽ അടയാളവും പതിപ്പിക്കും. പകർച്ചവ്യാധിയുള്ള നായ്ക്കളെ ചികിത്സ നടത്തി മാത്രമേ തിരിച്ചുവിടൂ. പേവിഷബാധക്ക് എതിരെയുള്ള കുത്തിവെപ്പും നൽകും.

ഏറെനാളത്തെ പരിശ്രമത്തിന്റെ ഫലമായാണ് കേന്ദ്രസർക്കാർ അംഗീകാരത്തോടെ മികച്ച നിലവാരത്തിൽ കണിച്ചുകുളങ്ങരയിൽ എബിസി സെന്റർ പൂർത്തിയാക്കാൻ കഴിഞ്ഞതെന്നും ജില്ല നേരിട്ടുകൊണ്ടിരിക്കുന്ന തെരുവുനായ ആക്രമണ ഭീഷണിക്ക് ശാശ്വതപരിഹാരം കാണുന്നതിന്റെ തുടക്കമാണ് സെന്ററെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി പറഞ്ഞു. ഏറ്റവും അടുത്ത ദിവസം തന്നെ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനം നിർവഹിച്ച് സെന്റർ നാടിന് സമർപ്പിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 38,24,000 രൂപ ചെലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടെ സെന്റർ നിർമ്മിച്ചതെന്ന് കെ ജി രാജേശ്വരി പറഞ്ഞു. മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. വി സുജയ്ക്കാണ് നിലവിൽ നിർവഹണ ചുമതല. കണിച്ചുകുളങ്ങര മൃഗാശുപത്രി സീനിയർ വെറ്ററിനറി സർജൻ മേരി ലിസിയാണ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾക്ക് നേതൃത്വം നൽകിയത്. എബിസി സെൻറർ പ്രവർത്തനസജ്ജമാക്കുന്നതോടെ നിർവഹണ ചുമതല കഞ്ഞിക്കുഴി ബ്ലോക്കിന് കൈമാറും. കഞ്ഞിക്കുഴി, ആര്യാട് ബ്ലോക്ക് പഞ്ചായത്തുകളും ചേർത്തല നഗരസഭയും സെന്ററിന്റെ പ്രവർത്തനപരിധിയിൽ വരും. തുടർപരിപാലനത്തിനായുള്ള തുക ഈ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നീക്കിവയ്ക്കും. സെന്റർ പ്രവർത്തിപ്പിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തീകരിച്ചതായും എഡബ്ല്യുബിഐ അംഗീകാരം ലഭിച്ചതോടെ ഉദ്ഘാടനത്തിനുള്ള നടപടികൾ സ്വീകരിച്ചതായും ജില്ലാ പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷ ബിനു ഐസക് രാജു പറഞ്ഞു. ആലപ്പുഴ സീവ്യൂ വാർഡിൽ നിർമ്മിക്കുന്ന ജില്ലയിലെ മറ്റൊരു എബിസി സെന്ററിന്റെ 90 ശതമാനം പ്രവർത്തികളും പൂർത്തിയായിട്ടുണ്ട്.

Exit mobile version