Site iconSite icon Janayugom Online

അപഹരിയ്ക്കപ്പെട്ട ഛായാമുഖി

അപഹരണം മൃഗീയമാണ്, മാനവികമല്ല. മാനവികതയുടെ ഉദാത്തഭാവമാണ് രചനാത്മകത (cre­ativ­i­ty). ആന്തരികത ആചരിയ്ക്കുന്ന കടുത്ത സത്യദീക്ഷയാണത്. സൃഷ്ടിയുടെ ജ്വലിതമുഹൂർത്തങ്ങളിൽ സ്രഷ്ടാവ് പുലർത്തുന്ന തീവ്രമായ സത്യസന്ധതയാണ് മൗലികത. അത് സൃഷ്ടിയുടെ വിശുദ്ധി നിർണയിയ്ക്കുന്ന ഏകകമാണ്. അപഹാരമല്ല ആവിഷ്ക്കാരം. അപരന്റെ ആത്മാവിഷ്ക്കാരം തന്റേതാക്കിമാറ്റുന്ന അനാശാസ്യത സർഗപ്രക്രിയയാകില്ല. നൂതനവും മൗലികവുമായ ഒന്നിനെ സൃഷ്ടിയ്ക്കുന്നതാണ് സർഗപ്രക്രിയ. അപഹാരി സ്രഷ്ടാവല്ല. സ്രഷ്ടാവാകില്ല. അപഹർത്താവ് മാത്രമാണ്. വെറും അപഹർത്താവ്. ആധുനിക സമൂഹത്തിലെ ഇത്തരം അപഹർത്താക്കളെ അയ്യപ്പപ്പണിക്കർ കാവ്യവത്ക്കരിച്ചിട്ടുണ്ട്. ‘വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്ന് വിളിച്ചില്ലേ, നിങ്ങൾ കള്ളനെന്ന് വിളിച്ചില്ലേ’-
ചരിത്രത്തിലേക്ക് നോക്കിയാൽ, ഏതുകാലത്തും ഏതുസമൂഹത്തിലും ആശയചോരണങ്ങളുടെ അപഹാസ്യത ആവോളം കണ്ടെത്താനാകും. പൊയ്ക്കാലിൽ ഉയർന്ന് ഉദ്ഗ്രഥിതരായവർ ചരിത്രത്തിൽ അളവറ്റ് ആഘോഷിയ്ക്കപ്പെട്ടതും ചരിത്രം. ആശയം മാത്രമല്ല, കൃതികൾതന്നെ പൂർണമായോ, ഭാഗീകമായോ അപഹരിയ്ക്കപ്പെട്ടുവെന്ന വിലാപവും

പലകാലങ്ങളിൽ, പലദേശങ്ങളിൽ പലഭാഷാസമൂഹങ്ങളിൽനിന്നും ഉയർന്നുകേട്ടിട്ടുണ്ട്. ആദിമ റോമൻകവി മർക്കസ് മാർഷ്യലാണ് ചരിത്രത്തിൽ ആദ്യമായി ഇങ്ങനെയൊരു ആവലാതി ഉയർത്തിയത്. എ ഡി ഒന്നാം നൂറ്റാണ്ടായിരുന്നു അദ്ദേഹത്തിന്റെ രചനാകാലം (എ ഡി 48–104). ലോകം ഇന്നും കൗതുകത്തോടെ വായിക്കുന്ന നീതിവാക്യങ്ങളുടെ (epi­grams) കർത്താവ്. ആക്ഷേപഹാസ്യത്തിന്റെ ആനന്ദനടനമായിരുന്നു അദ്ദേഹത്തിന്റെ രചനകൾ. ഇന്നും ലോകത്തിന്റെ നെറുകയിൽ നില്ക്കുന്നു ആ നീതിവാക്യങ്ങൾ. തന്റെ കൃതികൾ ‘കിഡ്നാപ്പ്’ ചെയ്യപ്പെട്ടിരിയ്ക്കുന്നു എന്നദ്ദേഹം ലോകത്തോട് വിളിച്ചുപറഞ്ഞു. ഇംഗ്ലീഷിൽ പ്ലേജിയറിസം (pla­gia­rism) എന്ന വാക്കിന്റെ ഉത്ഭവം തന്നെ അങ്ങനെയാണ്. 

പ്ലേജിയേഴ്സ് എന്നാൽ ലാറ്റിനിൽ ‘കിഡ്നാപ്പർ’ എന്നാണ് അർത്ഥം. ആശയങ്ങളുടെ അപഹരണമെന്ന പ്രക്രിയയെയാണ് ഇംഗ്ലീഷിൽ ‘പ്ലേജിയറിസം’ എന്ന പ്രയോഗംകൊണ്ട് അർത്ഥമാക്കുന്നത്.
പ്രതിഭാധനനായ നാടകകൃത്തും പ്രഗത്ഭനായ സംവിധായകനുമായ പ്രശാന്ത് നാരായണന്റെ വിഖ്യാതമായ ‘ഛായാമുഖി’ എന്ന നാടകത്തിന്റെ നൃത്താവിഷ്ക്കാരമാണല്ലോ ഇപ്പോൾ വിവാദമായിയ്ക്കുന്നത്. പ്രശസ്തയായ ഒരു നർത്തകി പ്രശാന്തിന്റെ അനുവാദമില്ലാതെ നാടകത്തിന്റെ നൃത്താവിഷ്ക്കാരം തന്റെ മൗലീകകൃതി എന്ന നിലയിൽ അതേപേരിൽ അവതരിപ്പിച്ചതാണ് വിവാദത്തിനാധാരം. ഇതൊരു കുറ്റകൃത്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടും നർത്തകി തെറ്റുതിരുത്താൻ തയ്യാറായില്ല എന്നതാണ് സാംസ്കാരിക മണ്ഡലത്തെ അസ്വസ്ഥമാക്കുന്നത്. താൻ അവതരിപ്പിയ്ക്കുന്നത് പ്രശാന്ത് നാരായണന്റെ ‘ഛായാമുഖി‘യുടെ നൃത്താവിഷ്ക്കാരമാണെന്ന് അവർ സമ്മതിച്ചാൽ തീരുന്ന പ്രശ്നമേയുള്ളു. എന്നാൽ, നർത്തകി അതിന് തയ്യാറല്ല. ഏതായാലും വിഷയം കോടതിവ്യവഹാരമായി പരിണമിയ്ക്കുന്നുവെന്നാണ് സൂചന. സാസ്കാരിക കേരളത്തെ വ്രണപ്പെടുത്തിയ അനേകം ആശയചോരണ വിവാദങ്ങളുടെ തലത്തിലേക്ക് വികസിയ്ക്കുകയാണ് ‘ഛായാമുഖി‘യുടെ അപഹരണവും. ഒരു നർത്തകിയുടെ ഔദ്ധത്യം കേരളത്തിന്റെ സാസ്കാരികജീവിതത്തെ വീണ്ടും വിഷാദഗ്രസ്തമാക്കുന്നു എന്ന് സാരം. 

പ്രമേയപരമായ മൗലീകതയും ആവിഷ്ക്കാരത്തിലെ നവത്വവുമാണ് ‘ഛായാമുഖി‘യെ സാംസ്കാരികകേരളത്തിന്റെ രസനയിൽ പ്രതിഷ്ഠിച്ചത്. ‘തന്നതില്ല പരനുള്ളുകാണുവാൻ നരനുപായമൊന്നുമീശ്വരൻ’ എന്ന് ആശാൻ എഴുതിയിട്ടുണ്ട്. എന്നാൽ, അങ്ങനെയൊരു സാധ്യതയെ ലാവണ്യശാസ്ത്രപരമായി എങ്ങനെ വ്യാഖ്യാനിയ്ക്കാം എന്ന തികച്ചും മൗലികമായ ഒരാന്വേഷണമാണ് പ്രശാന്തിന്റെ ‘ഛായാമുഖി’. ‘മനസിനെ പ്രതിബിംബിപ്പിയ്ക്കുന്ന മുകുരം’ എന്ന മൗലികമായ പ്രമേയമാണ് ‘ഛായാമുഖി‘യെ മലയാള നാടകലോകത്തെ ക്ലാസിക്കുകളിൽ ഒന്നാക്കി മാറ്റിയത്. രചനാത്മകതയുടെ അനന്തസാധ്യതകൾ അവശേഷിപ്പിയ്ക്കുന്ന മഹാഭാരതത്തിന്റെ പ്ലോട്ടിൽ പ്രമേയത്തെ പ്രതിഷ്ഠിച്ചത് പ്രശാന്ത് നാരായണന്റെ പ്രദീപ്തമായ പ്രതിഭയുടെ ഉത്തുംഗതയുടെ സാക്ഷ്യം. വനവാസത്തിനിടെ ഭീമന് തന്റെ ഹൃദയഭാജനമായ ഹിഡുംബി നല്കുന്ന സ്നേഹോപഹാരം എന്ന പരികല്പനയിലാണ് ‘ഛായാമുഖി‘യിൽ പ്രശാന്ത് നാരായണൻ ഈ മനഃക്കണ്ണാടി സൃഷ്ടിച്ചിരിയ്ക്കുന്നത്.
മഹാഭാരതത്തിൽ ഇങ്ങനെയൊരു കഥാസന്ദർഭമില്ല എന്നതുതന്നെയാണ് ഒരു മൗലിക കൃതിയെന്നനിലയിൽ ‘ഛായാമുഖി‘യെ നവീനവും മനോഹരവുമാക്കിയത്. 1996 ൽ എഴുതിയ നാടകം പതിനെട്ട് വർഷങ്ങൾക്കുമുമ്പ്, കൊല്ലം നീരാവിൽ പ്രകാശ് കലാകേന്ദ്രമാണ് പ്രാശാന്തിന്റെ തന്നെ സംവിധാനത്തിൽ ആദ്യമായി അരങ്ങിലെത്തിച്ചത്. കീചകനായി പി ജെ ഉണ്ണികൃഷ്ണനും ഭീമനായി കെപിഎസി അജിത്തും കള്ളന്മാരായി രാജേഷ് ശർമ്മയും വി വിജുവും എസ് ബിജുവും അരങ്ങിൽതീർത്ത സൗന്ദര്യാനുഭവം കേരളത്തിന്റെ
നാടകാസ്വാദനവാസനയെ ആപാദചൂഡം ആനന്ദിപ്പിച്ചു. ആദ്യാവതരണത്തിൽതന്നെ അനന്തവിസ്മയങ്ങൾതീർത്ത നാടകം പുരസ്കാരങ്ങളുടെ നിറവിൽ രാജ്യവ്യാപകമായി ആഘോഷിയ്ക്കപ്പെട്ടു. ‘ഛായാമുഖി‘യുടെ ഭാവരൂപശില്പസവിശേഷതതന്നെയാണ് ചലച്ചിത്രതാരങ്ങളായ മോഹൻലാലിനെയും മുകേഷിനെയും ആകർഷിച്ചത്. അവരുടെ അവതരണം നാടകത്തിന്റെ ശിരസ് കൂടുതൽ സമുന്നതമാക്കി. 2003ൽ കേരള സംഗീതനാടകഅക്കാദമി പുരസ്കാരം നേടിയതോടെ ‘ഛായാമുഖി’ കേരളത്തിന്റെ നാടകചരിത്രത്തിലേ ഒരു പൊലിയാവിളക്കായിമാറി. 

നാടകമൊരു സാഹിത്യരൂപംമാത്രമല്ല, രംഗകലാരൂപംകൂടിയാണെന്ന് നാടകകൃത്തുകൾ ഓർക്കണമെന്ന ആധുനിക മലയാള നാടകത്തിന്റെ യാജ്ഞവൽക്യനായ സി എൻ ശ്രീകണ്ഠൻനായരുടെ സുഭാഷിതമാണ് മലയാള നാടകവേദിയെ പുതുക്കിപ്പണിഞ്ഞത്. അറുപതുകളുടെ ആദ്യപാദമായിരുന്നു അത്.
സി എന്നിന്റെ ‘കാഞ്ചനസീത’യ്ക്ക് 1961ൽ എഴുതിയ അവതാരികയിൽ അയ്യപ്പപ്പണിയ്ക്കരും ‘ഇബ്സണിസ’ത്തെ അതിവർത്തിയ്ക്കുന്ന ഒരു പുതിയ നാടകസംസ്കാരത്തെ വിഭാവനം ചെയ്യുന്നുണ്ട്. 1968 ലെ ചരിത്ര പ്രസിദ്ധമായ കൂത്താട്ടുകുളം നാടകക്കളരിയിൽ സിഎൻ അവതരിപ്പിച്ച ‘തനതുനാടകം’ എന്ന പ്രബന്ധം ഒരു പുതിയ തീയറ്റർ സംസ്കാരത്തിലേക്ക് കേരളത്തെ വിളിച്ചുണർത്തി. കൊളോണിയൽ നാടകസങ്കല്പത്തെ പ്രതിരോധിയ്ക്കുന്ന പ്രബലവും പ്രശോഭിതവുമായ ഒരു ഇന്ത്യൻ തീയറ്ററിന്റെ ആവിർഭാവത്തിനായുള്ള സൈദ്ധാന്തികവും പ്രായോഗികവുമായ മുന്നേറ്റത്തിന് സിഎന്നിനോടൊപ്പം മുന്നണിയിൽ നിന്നത് ജി ശങ്കരപ്പിള്ളയായിരുന്നു. രചിത പാഠത്തിന്റെ വ്യാഖ്യാനമല്ല, പുന: സൃഷ്ടി തന്നെയാണ് അരങ്ങത്ത് നടക്കേണ്ടതെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ബീജാവസ്ഥയിൽനിന്നുള്ള ക്രിയാംശത്തിന്റെ ക്രമനുഗതമായ വളർച്ചയെന്നനിലയിൽവേണം നാടകശില്പം രൂപപ്പെടുത്താനെന്ന് പുതിയ നാടകവേദിയെ പഠിപ്പിച്ചത് ശങ്കരപ്പിള്ളയായിരുന്നു. പുതിയ സാഹിത്യം സൃഷ്ടിയ്ക്കാൻ നാം പാശ്ചാത്യ മാതൃകകൾ സ്വീകരിച്ചപ്പോൾ പുതിയ നാടകം സൃഷ്ടിയ്ക്കാൻ നാം നമ്മുടെ കാവ്യനാടക- നാടോടി പാരമ്പര്യത്തിൽ നിന്നാണ് ഊർജ്ജം സ്വീകരിച്ചത് എന്നർത്ഥം. ബൽദൂൺ ദിഗ്രെയും (A Nation­al The­atre For India ‑1944) കോമളദേവി ഛതോപാധ്യായയും (Towards A Nation­al The­atre-1945) ഉപദേശിച്ചതുപോലെ നാം നമ്മുടെ സാംസ്കാരിക ചരിത്രത്തിൽ നിന്നും പുതിയ നാടകനിർമ്മിതിയ്ക്കായുള്ള പണിയായുധങ്ങൾ സ്വീകരിയ്ക്കാൻ തയ്യാറായി.
‘ഛായാമുഖി’ നിർമ്മിതമായിരിയ്ക്കുന്നത് സിഎന്നും ശങ്കരപ്പിള്ളയും കാവാലവും നേതൃത്വം നല്കിയ തനതുനാടകത്തിന്റെ പാഠശാലയിലാണ്. തന്റെ ‘കിരാത’ത്തിന്റെ ആമുഖത്തിൽ ശങ്കരപ്പിള്ള ചൂണ്ടിക്കാട്ടിയതുപോലെ, ഇതര കലാരൂപങ്ങളെപോലെതന്നെ നാടകത്തിന്റെയും മൂലസ്രോതസ് ജീവിതം തന്നെയാണ്. അതുകൊണ്ട് ജീവിതഗന്ധിയായ നാടകങ്ങളെല്ലാം യഥാതഥമായിക്കൊള്ളണമെന്ന് വാശിപിടിയ്ക്കുന്നതിൽ അർത്ഥമില്ല.

പ്രമേയാവിഷ്ക്കാരത്തിന്റെ സ്വരൂപം നിർണ്ണയിയ്ക്കാനുള്ള പരമാധികാരം രചയിതാവിനും സംവിധായകാനുമുണ്ട്. ഒരു കാവ്യനാടകമെന്ന നിലയിലാണ് പ്രശാന്ത്‘ഛായാമുഖി’ അവതരിപ്പിച്ചത്. അതുകൊണ്ടുതന്നെയാണ് അത് ആധുനിക മലയാള നാടകത്തിലെ ക്ലാസിക്കുകളിൽ ഒന്നായി തീർന്നതും. മനുഷ്യമനസെന്ന കാന്താരത്തിൽ ഒളിഞ്ഞിരിക്കുന്ന കാമമോഹിതങ്ങൾ അപ്രതീക്ഷിതമായി അനാച്ഛാദനം ചെയ്യപ്പെടുമ്പോഴുണ്ടാകുന്ന ആഘാതപ്രത്യാഘാതങ്ങളാണ് പ്രശാന്ത് നാരായണൻ നാടകത്തിൽ അന്വേഷിയ്ക്കുന്നത്. ഹിപ്നോറ്റൈസ് ചെയ്യുന്നതുപോലെ എന്റെ ഉള്ളത്തിനുള്ളിലിരിയ്ക്കുന്നതരാണെന്ന് കണ്ടുപിടിക്കാൻ കഴിയുന്ന മായക്കണ്ണാടി ഉണ്ടായാൽ സ്വകാര്യതയെന്ന സ്വസ്ഥത ഇല്ലാതാകുകയും ലോകം കീഴ്മേൽ മറിയുകയും ചെയ്യും. ഭീമനിലൂടെയും കീചകനിലൂടെയും നാടകകൃത്ത് നല്കുന്ന ഭീഷണമായ മുന്നേറിയിപ്പാണത്. എൻ കൃഷ്ണപിള്ള ‘കൈരളിയുടെ കഥയിൽ’ തന്റെ ‘ഭഗ്നഭവന’ത്തെക്കുറിച്ച് എഴുതിയതുപോലെ, ഇരട്ടനൂലിട്ട് ഇതിവൃത്തം നെയ്യുന്ന പതിവുരീതിവിട്ട് ഏകസൂത്രം മാത്രമുള്ള ഇതിവൃത്തം സ്വീകരിച്ചുകൊണ്ടാണ് ഇവിടെയും പ്രശാന്ത് ഏകാഗ്രമായ പ്രേക്ഷണം ഉറപ്പാക്കിയത്. അങ്ങനെ എല്ലാ അർത്ഥത്തിലും മലയാള നാടകസംസ്കാരത്തെ സചേതനമാക്കിയ ഒരു നാടകമാണ് ഇവിടെ നിർദ്ദയം കിഡ്നാപ്പ് ചെയ്യപ്പെട്ടത്. അതിനെതിരെ കേരളം ഗർജ്ജിയ്ക്കുക തന്നെവേണം.
ആശയാപഹരണം ഏത് സമൂഹത്തിന്റെയും സാസ്കാരികാരോഗ്യത്തെ ഹാനികരമായി ബാധിയ്ക്കുകതന്നെ ചെയ്യും. ആ അപകടം നിശ്ചയമായും തടയപ്പെടേണ്ടതാണ്. 

Eng­lish Summary:
Abduct­ed cinematographer

You may also like this video:

Exit mobile version