പാണ്ടിക്കാട് നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായി ഷമീറിനെ കൊല്ലത്ത് നിന്ന് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് 11 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ ചാവക്കാട് സ്വദേശികളാണെന്നാണ് സൂചന. ഷമീറിന് കാര്യമായ പരിക്കുകളൊന്നും ഉള്ളതായി റിപ്പോർട്ടുകളില്ല.
പാണ്ടിക്കാട് ജി എൽ പി സ്കൂളിന് സമീപത്തുവെച്ച് വീട്ടിലേക്ക് ബൈക്കിൽ മടങ്ങുകയായിരുന്ന ഷമീറിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഇന്നോവ കാറിലേക്ക് ബലം പ്രയോഗിച്ച് വലിച്ചു കയറ്റുകയായിരുന്നു. ദുബായിൽ ജോലി ചെയ്യുന്ന ഷമീർ ഈ മാസം നാലിനാണ് അവധിക്ക് നാട്ടിലെത്തിയത്. ഷമീറിനെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ ദുബായിലെ സാമ്പത്തിക ഇടപാടുകളാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. പ്രതികൾ പലതവണ വാഹനം മാറ്റി ഉപയോഗിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

