Site iconSite icon Janayugom Online

പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവം; നാല് പേര്‍ കൂടി അറസ്റ്റില്‍

കോഴിക്കോട് പ്രവാസിയുമായ ഷാഫിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നാല് പേര്‍ കൂടി അറസ്റ്റില്‍. കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശികളായ നൗഷാദ്, ഇസ്മയില്‍ ആസിഫ്, സുബൈര്‍, മടവൂര്‍ സ്വദേശി മുനീര്‍ എന്നിവരാണ് അറസ്റ്റിലായത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണിവര്‍. താമരശേരി സ്വദേശി ഷാഫിയെ തട്ടിക്കൊണ്ടുപോകുന്നതിന്റെ രണ്ടാഴ്ച മുന്‍പ് പരപ്പന്‍പൊയിലില്‍ നിരീക്ഷണത്തിനായി എത്തിയ സംഘം സഞ്ചരിച്ച കാര്‍ ഹുസൈനാണ് വാടകയ്ക്ക് എടുത്തുനല്‍കിയത്. മറ്റു മൂന്നു പേര്‍ കാറില്‍ എത്തിയവരാണ്. അറസ്റ്റ് ചെയ്തവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി.

അതേസമയം, പത്തുദിവസമായിട്ടും ഷാഫിയെ കണ്ടെത്താന്‍ പൊലീസിനായില്ല. ഷാഫിയെ തട്ടിക്കൊണ്ടുപോകുന്നതിന് രണ്ടാഴ്ച മുന്‍പ് പരപ്പന്‍പൊയില്‍ ഭാഗത്ത് ഇടക്കിടെ കാറിലെത്തിയ സംഘത്തെ കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം. കാറിന്റെ സിസിടി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഷാഫിയെ തട്ടിക്കൊണ്ടുപോവുന്നതിന് രണ്ടാഴ്ച മുന്‍പുള്ള ദൃശ്യങ്ങളാണ് ഇത്. 

ഇക്കഴിഞ്ഞ ഏപ്രില്‍ ഏഴിനാണ് ഷാഫിയെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന ഷാഫിയെയും ഭാര്യ സെനിയേയും കാറിലെത്തിയ സംഘം പിടിച്ചുകൊണ്ടുപോകുകയായിരുന്നു. സെനിയെ പിന്നീട് വഴിയില്‍ ഉപേക്ഷിച്ചു. സെനിയ്ക്ക് പിടിവലിക്കിടെ പരുക്കേറ്റിരുന്നു. തന്നെ ചിലര്‍ ഭീഷണിപ്പെടുത്തുന്നതായി കാണിച്ച് താമരശ്ശേരി പൊലീസില്‍ നേരത്തേ ഷാഫി പരാതി നല്‍കിയിരുന്നു.

Eng­lish Summary:Abduction inci­dent of expa­tri­ate; Four more peo­ple were arrested

You may also like this video

Exit mobile version