വ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലെ പ്രതികളായ പൊലീസുകാരെ പിരിച്ചു വിട്ടു. നെടുമങ്ങാട് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ കിരൺ കുമാർ, പൊന്മുടി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ വിനീത് എന്നിവരെയാണ് തിരുവനന്തപുരം ജില്ല റൂറൽ പൊലീസ് മേധാവി ഡി ശിൽപ പിരിച്ചുവിട്ടത്. ഇരുവരും നേരത്തേ സസ്പെൻഷനിലായിരുന്നു.
കാട്ടാക്കട മാർക്കറ്റ് ജങ്ഷനിൽ ഇലക്ട്രോണിക് കട നടത്തുന്ന മുജീബ് കഴിഞ്ഞ ശനിയാഴ്ച രാത്രി കടപൂട്ടി വീട്ടിലേക്ക് പോകുമ്പോഴാണ് കിരണും വിനീതും കാർ തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. പൊലീസ് വേഷത്തിലായിരുന്ന ഇവർ ഇ ഡി ഉദ്യോഗസ്ഥരാണെന്നാണ് മുജീബിനോട് പറഞ്ഞത്. വിലങ്ങ് വച്ച് മുജീബിനെ ഇവർ കാറിലെ സ്റ്റിയറിങ്ങിനൊപ്പം ബന്ധിപ്പിച്ചു. മുജീബ് ഹോണടിച്ച് ബഹളം വച്ചപ്പോഴാണ് ഇരുവരും കാറിൽ രക്ഷപ്പെട്ടത്. തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത് പൊലീസുകാരാണെന്നും മാസ്ക് ധരിച്ചിരുന്നെന്നുമായിരുന്നു മുജീബിന്റെ മൊഴി. പിന്നീട് നടന്ന പൊലീസ് അന്വേഷണത്തില്‍ സിസിടിവി ദൃശ്യങ്ങളിലൂടെ പ്രതികളെ കണ്ടെത്തുകയായിരുന്നു.
മുജീബിന് നെടുമങ്ങാടും കടയുണ്ട്. റിയൽ എസ്റ്റേറ്റ് ബിസിനസുമുണ്ട്. അതിനാൽ തട്ടിക്കൊണ്ടുപോയി വിലപേശുകയായിരുന്നു ലക്ഷ്യം. സംഭവത്തില്‍ ഇവരുടെ സുഹൃത്തായ ആംബുലൻസ് ഡ്രൈവർ അരുണിനെയും അറസ്റ്റ് ചെയ്തിരുന്നു.
English Summary: abduction of merchant the accused policemen were dismissed
You may also like this video

