Site icon Janayugom Online

അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദാക്കി

rahim

സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദാക്കി റിയാദ് ക്രിമിനൽ കോടതി. ഇന്നലെ രാവിലെയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇരുവിഭാഗം വക്കീലുമാരും കോടതിയിൽ എത്തിയിരുന്നു. എംബസി ഉദ്യോഗസ്ഥർ, റഹീമിന്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോര്‍ണി സിദ്ധിഖ് തുവ്വൂർ എന്നിവരും റഹീമിനൊപ്പം കോടതിയിൽ ഹാജരായി.
വിർച്വൽ സംവിധാനത്തിലൂടെയാണ് കോടതി റഹീമിനെ കണ്ടത്.

കോടതിയിൽ എംബസി വഴി കെട്ടിവച്ച ഒന്നരക്കോടി റിയാലിന്റെ (ഏകദേശം 34 കോടി രൂപ) ചെക്ക് കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോര്‍ണിക്ക് കൈമാറി. ദയാധനം സ്വീകരിച്ച് മാപ്പു നൽകാമെന്ന് മരിച്ച കുട്ടിയുടെ കുടുംബം ഔദ്യോഗികമായി അറിയിച്ചതോടെ റഹീമിന്റെ മോചനം ഉടൻ സാധ്യമാകും.
കഴിഞ്ഞ 18 വര്‍ഷമായി അബ്ദുല്‍ റഹീം ജയിലില്‍ കഴിയുകയാണ്. റഹീമിന്റെ മോചനത്തിനായുള്ള ദയാധനം കേരളം ഒത്തൊരുമിച്ച ക്രൗഡ് ഫണ്ടിങ്ങിലൂടെയായിരുന്നു സമാഹരിച്ചത്. കഴിഞ്ഞ മാസം മൂന്നിനാണ് ഇന്ത്യൻ എംബസി റിയാദ് ഗവർണറേറ്റ് വഴി ക്രിമിനൽ കോടതിക്ക് മോചനപ്പണം കൈമാറിയത്. റഹീമിന് നിയമ സഹായം നല്‍കുന്നതിനായി റിയാദിലെ സാമൂഹിക സംഘടനാ പ്രതിനിധികള്‍ അടങ്ങുന്ന കൂട്ടായ്മ പ്രവര്‍ത്തിക്കുന്നുണ്ട്.

Eng­lish Sum­ma­ry: Abdul Rahim’s death sen­tence was cancelled

You may also like this video

Exit mobile version