Site iconSite icon Janayugom Online

അബ്ദുൾ റഹീമിന്റെ മോചനം നീളുന്നു

സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുള്‍ റഹീമിന്റെ മോചന ഹര്‍ജി റിയാദ് ക്രിമിനൽ കോടതി വീണ്ടും മാറ്റി. കേസ് ഈ മാസം 12ന് ഉച്ചയ്ക്ക് 12.30ന് വീണ്ടും പരിഗണിക്കും. അന്ന് മോചന ഉത്തരവുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് റഹീമിന്റെ അഭിഭാഷകൻ ഒസാമ അൽ അമ്പറും റിയാദ് സഹായസമിതി ഭാരവാഹികളും വ്യക്തമാക്കി.
ഇന്നലെ റിയാദ് ക്രിമിനൽ കോടതിയിൽ നടന്ന സിറ്റിങ്ങിനൊടുവിൽ അന്തിമ വിധി പറയൽ മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു. ഓൺലൈനായി നടന്ന സിറ്റിങ്ങിൽ ജയിലിൽനിന്ന് റഹീമും അദ്ദേഹത്തിന്റെ അഭിഭാഷകനും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കാഞ്ചേരിയും കുടുംബ പ്രതിനിധി സിദ്ധീഖ് തുവ്വൂരും പങ്കെടുത്തു. മോചനവുമായി ബന്ധപ്പെട്ട് മൂന്നാമത്തെ സിറ്റിങ്ങാണ് ഇന്ന് നടന്നത്. 

ഒന്നര കോടി സൗദി റിയാൽ (34 കോടി ഇന്ത്യൻ രൂപ) ദയാധനം നൽകുകയും കോടതി വധശിക്ഷ ഒഴിവാക്കുകയും ചെയ്തെങ്കിലും പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസിൽ തീർപ്പുണ്ടാവാത്തതിനാൽ മോചന കാര്യത്തിൽ അനിശ്ചിതത്വം തുടർന്നിരുന്നു. ഇതിനുവേണ്ടിയുള്ള ആദ്യ സിറ്റിങ് ഒക്ടോബർ 21നാണ് നടന്നത്. എന്നാൽ ബെഞ്ച് മാറിയെന്നും വധശിക്ഷ ഒഴിവാക്കിയ ബെഞ്ച് തന്നെയാണ് മോചന കാര്യത്തിലും തീരുമാനമെടുക്കേണ്ടതെന്നും പറഞ്ഞ് കോടതി കേസ് മാറ്റിവയ്ക്കുകയായിരുന്നു. 

തുടർന്ന് ഇക്കഴിഞ്ഞ നവംബർ 17ന് വധശിക്ഷ ഒഴിവാക്കിയ ബെഞ്ച് കേസ് പരിഗണിച്ചു. എന്നാൽ വിഷയം സൂക്ഷ്മമായി പരിശോധിക്കേണ്ടതുള്ളതിനാൽ മറ്റൊരു സിറ്റിങ് ആവശ്യമുണ്ടെന്ന് പറഞ്ഞ് കേസ് മാറ്റുകയായിരുന്നു. തുടര്‍ന്നാണ് കേസ് ഡിസംബര്‍ എട്ടിന് പരിഗണിക്കാന്‍ തീരുമാനിച്ചത്. ഇന്നലെ രാവിലെ 11.30ഓടെ കേസ് വീണ്ടും പരിഗണിച്ച കോടതി എല്ലാ തലങ്ങളിലെയും സൂക്ഷ്മപരിശോധനയ്ക്കൊടുവിൽ വിധി പറയാനായി മാറ്റുകയായിരുന്നു.
ജയിൽ മോചന ഉത്തരവുണ്ടായാൽ അത് മേൽക്കോടതിയും ഗവർണറേറ്റും അംഗീകരിക്കേണ്ടതുണ്ട്. ഇതിന് ശേഷമാകും അബ്ദുൾ റഹീം ജയിൽ മോചിതനാവുക. ദയാധനമായ 15 മില്യണ്‍ റിയാൽ മലയാളികൾ സ്വരൂപിച്ച് മരിച്ച ബാലന്റെ കുടുംബത്തിന് കൈമാറിയതോടെയാണ് വധശിക്ഷ റദ്ദാക്കിയത്. 18 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് റിയാദ് അൽ ഖർജ് റോഡിലെ അൽ ഇസ്കാൻ ജയിലിലെത്തി മാതാവ് ഫാത്തിമയും അബ്ദുള്‍ റഹീമും കഴിഞ്ഞ മാസം നേരിൽ കണ്ടു സംസാരിച്ചിരുന്നു.

Exit mobile version